ഗള്‍ഫിലുള്ള മകന് ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വൃദ്ധ മാതാപിതാക്കളുടെ പണം തട്ടാന്‍ ശ്രമിച്ച രണ്ടംഗ സംഘം തിരുവല്ലയില്‍ പിടിയിലായി. ബന്ധുക്കള്‍ക്ക് സംശയം തോന്നി കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

തിരുവനന്തപുരം തുന്പ സ്വദേശി കിഷോര്‍ വേലപ്പന്‍, കടകംപള്ളി സ്വദേശി സതീശന്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല ഓതറ സ്വദേശിയായ ഗോപാലകൃഷ്ണനെയും ഭാര്യയെയുമാണ് ഇവര്‍ പറ്റിക്കാന്‍ ശ്രമിച്ചത്. ഗോപാലകൃഷ്ണന്‍റെ കുവൈറ്റിലുള്ള മകന്‍ അനില്‍കുമാറിന്‍റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഇന്നലെ ഇവര്‍ ഫോണില്‍ വിളിച്ചു. അനില്‍കുമാറിന് 7 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചെന്നും അന്പതിനായിരം രൂപയുടെ ടോക്കണ്‍ എടുത്ത് മുന്‍കൂര്‍ കെട്ടിവെച്ചാലേ ഈ പണം കിട്ടൂവെന്നും വിശ്വസിപ്പിച്ചു. അനിലിന്‍റെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ ഒരു മണിക്കൂറിനകം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് മുന്നിലെത്തുമെന്നും പറഞ്ഞു. പെട്ടെന്ന് പണം കണ്ടെത്താനാകാതെ വന്നതോടെ ഭാര്യയുടെ രണ്ടരപ്പവന്‍റെ മാലയുമായിട്ടാണ് ഗോപാലകൃഷ്ണന്‍ എത്തിയത്.

ഗോപാലകൃഷ്ണനൊപ്പം ഇളയ മകനും രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. പണമിടപാടില്‍ സംശയം തോന്നിയ ഇവര്‍ കിഷോറിനെയും സതീശനെയും ചോദ്യം ചെയ്തു. തട്ടിപ്പാണെന്ന് വ്യക്തമായതോടെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആദ്യം തന്നെ അനിലിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ലെന്നും പണം നഷ്ടമാകേണ്ടെന്ന് കരുതി മാലയുമായി പെട്ടെന്ന് വന്നതാണെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. ഗോപാലകൃഷ്ണന്‍റെ ഫോണ്‍ നമ്പര്‍ എങ്ങനെ കിട്ടിയെന്നത് പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല.