റിയാദ്: വിസയും മറ്റ് താമസരേഖകളും ശരിയല്ലെന്ന് കാട്ടി പ്രവാസികളെ കബളിപ്പിക്കുന്ന സംഘങ്ങൾ ഗൾഫ് മേഖലയിൽ വ്യാപകമാകുന്നു. രേഖകൾ ഉടൻ ശരിയാക്കിയില്ലെങ്കില്‍ അറസ്റ്റും നാട് കടത്തലും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.ഇത്തരക്കാരുടെ കെണിയിൽ വീഴരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പാണ് എംബസി വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നും പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇത്തരമെരു മുന്നറിയിപ്പ്. ഇമിഗ്രേഷന്‍ രേഖകളിലും മറ്റും നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും പറഞ്ഞാണു തട്ടിപ്പിനുള്ള ഇവരുടെ നീക്കം.
തുടര്‍ന്ന്, രേഖകള്‍ ശരിപ്പെടുത്തിയില്ലെങ്കില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും ജോലി ചെയ്യുന്ന രാജ്യത്തുനിന്നു നാടുകടത്താന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു ഭയപ്പെടുത്തും. പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഭിഭാഷകനെ സമീപിക്കേണ്ടതാണെന്നും അതില്‍ സഹായിക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
എംബസിയില്‍ നിന്നുള്ളവരാണന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ വിളിക്കുന്നത്.അത്‌കൊണ്ട് തന്നെ പലരും ഇത്തരം ചതിക്കുഴിയില്‍ വീഴാറുണ്ട്. ഇത്തരത്തില്‍ ടെലിഫോണ്‍ കോള്‍ ലഭിക്കുകയാണെങ്കില്‍ എംബസിയെ അറിയിക്കണമെന്നാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
