ന്യൂയോര്‍ക്ക്: സൗജന്യ ജനനനിയന്ത്രണ പദ്ധതി പിൻവലിക്കാൻ അമേരിക്കൻ കമ്പനികള്‍ക്ക് പ്രസിഡന്‍റിന്‍റെ അനുമതി. ഒബാമ കെയറിന്‍റെ ഭാഗമായിരുന്ന പദ്ധതി കമ്പനികൾ സൗജന്യമായി നൽകണമെന്നായിരുന്നു വ്യവസ്ഥ. അഞ്ചരകോടി സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം കിട്ടിയിരുന്നത്. പക്ഷേ മതസ്ഥാപനങ്ങൾക്ക് ഇളവുണ്ടായിരുന്നു. എന്നാല്‍ ആ ഇളവ് എല്ലാ കമ്പനികൾക്കും ബാധകമാക്കുകയാണ് ട്രംപ് ചെയ്തത്. പദ്ധതി സൗജന്യമല്ലെങ്കിൽ അപകടകരമായ ജീവിതശൈലിയിൽനിന്ന് ജനങ്ങൾ പിൻമാറുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണം. 

തീരുമാനത്തിനെതിരെ കോടതിയിൽ പോകാനാണ് പൗരാവകാശസംഘടനകളുടെ തീരുമാനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് വളരെ കുറച്ച് കമ്പനികള്‍ മാത്രമേ പദ്ധതിയിൽ നിന്ന് പിൻമാറുകയുള്ളു. അതുകൊണ്ട് ജനത്തിന് നഷ്ടം വരില്ല എന്നാണ് വാദം. പക്ഷേ ഇതോടെ പദ്ധതിയുടെ കീഴിൽ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കിട്ടിയരുന്ന സൗജന്യചികിത്സകൂടി നഷ്ടമാകുകയാണ് സ്ത്രീകൾക്ക്. ഗൈനക്കോളജിസ്റ്റുകളുടെ സംഘടനയും പ്രസിഡന്‍റിന്‍റെ പരിഷ്കരണത്തിനെതിരെ രംഗത്തുവന്നിരിക്കയാണ്.