തൊഴില്‍ മന്ത്രി ഡോ. മുഫ്‍രിജ് അല്‍ഹുഖ്ബാനിയും ആരോഗ്യമന്ത്രി തൗഫീഖ് അല്‍റബീഅയും തമ്മിലുണ്ടാക്കിയ ധാരണ പ്രാകാരമാണ് സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗദി ഓജര്‍, ബിന്‍ ലാദന്‍ ഗ്രൂപ്പ് കമ്പനികളിലെ തൊഴിലാളികള്‍ക്കു സൗജന്യമായി ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. അത്യാഹിത ഘട്ടത്തിലുള്‍പ്പെടെ എല്ലാ ചികിത്സയും ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കും. ആശുപത്രികളില്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവരുടെ ബില്ലുകള്‍ തൊഴില്‍ മന്ത്രാലയത്തിനു നല്‍കാനാണ് ധാരണ. ഇതനുസരിച്ച് രണ്ടു കമ്പനികളിലേയും ജീവനക്കാര്‍ക്കു ആവശ്യമായ ചികിത്സ നല്‍കണമെന്നാവശ്യപെട്ട് ആരോഗ്യ മന്ത്രി പ്രവിശ്യാ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചികിത്സക്കു പുറമെ സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കു ഭക്ഷ്യ വസ്തുക്കള്‍ നല്‍കാനും തൊഴില്‍, സാമുഹ്യ ക്ഷേമ വകുപ്പ് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. സൗദി ഓജര്‍ കമ്പനിഉള്‍പ്പടെ പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികള്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ് നല്‍കും. കൂടാതെ തൊഴില്‍ സേവന മാറ്റം വേണ്ടവര്‍ക്കും എക്‌സിറ്റില്‍ സ്വന്തം നാട്ടിലേക്കു മടങ്ങേണ്ടവര്‍ക്കും അര്‍ഹതപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനും ഭരണാധികാരി സല്‍മാന്‍ രാജാവ് വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
