കൊച്ചി: കൊച്ചി മെട്രോ ട്രെയിനുകളില്‍ സൗജന്യ വൈ ഫൈ സംവിധാനം വരുന്നു. വൈഫൈ സേവനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. ആലുവ- ഇടപ്പള്ളി ജംഗ്ഷനുകള്‍ ആറുമാസത്തിനകം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയും തയ്യാറാവുകയാണ്.

സൗജന്യ വൈ ഫൈ എത്രയും വേഗം നടപ്പാക്കും. ഏഴ് സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്ത് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യ അരമണിക്കൂറാകും സൗജന്യ സേവനം. കൊച്ചി മെട്രോ കൂടുതല്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുകയാണ് ഇതിന്റെ ഭാഗമായാണ് യാത്രകാര്‍ക്ക് സൗജന്യ വൈ ഫൈ സംവിധാനം ഒരുക്കുന്നത്. മെട്രോ യാത്രക്കാര്‍ക്ക് ആദ്യ അരമണിക്കൂര്‍ സൗജന്യമായി വൈ ഫൈ ഉപയോഗിക്കാനാകുമെന്നും താമസിയാതെ സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലും വൈ ഫൈ കൊണ്ടുവരുമെന്നും കെ.എം.ആര്‍.എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

ഇടപ്പള്ളി- ആലുവ ജംഗ്ഷനുകളാണ് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും. ഫ്രഞ്ച് ഏജന്‍സി ഇതിനുള്ള രൂപ രേഖ തയ്യാറാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നഗരത്തില്‍ ഏകീകൃത ഗതാഗത സംവിധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ബസ്സുകള്‍ക്ക് സൊസൈറ്റികള്‍ ഏര്‍പ്പെടുത്തും. അങ്ങനെ വന്നാല്‍ മത്സര ഓട്ടം അവസാനിപ്പിക്കാം. ലാഭം ഉടമകള്‍ക്ക് വീതിച്ചെടുക്കാനും കഴിയും. 

ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേരളത്തിലെ തിരക്കേറിയ ജംഗഷനുകളായ ഇടപ്പള്ളിയെയും ആലുവയെയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 160 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വാട്ടര്‍ മെട്രോയ്ക്ക് കേന്ദ്ര അനുമതി ആയിട്ടുണ്ട്. അത്യാധുനിക ബോട്ടുകളും ബോട്ട് ജെട്ടിയും ഒരുക്കുന്നതിനുള്ള രൂപരേഖയും തയ്യാറായിവരുന്നുണ്ടെന്നും ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.