ഭീകരവാദി ആക്രമണത്തിൽ ഇരുന്നൂറിലധികമാളുകൾ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം വീണ്ടും ഫ്രാൻസിനെ ഭീതിയിലാഴ്ത്തി അക്രമ ശ്രമം. ഒരു കാറിൽ 7 ഗ്യാസ് സിലിണ്ടറുകളും മൂന്ന് കന്നാസുകളിൽ ഡീസലുമായെത്തിയ യുവതികളാണ് പൊലീസിന്‍റെ പിടിയിലായത്. സ്ഫോടനത്തിനുപയോഗിക്കാനാണ് കാറുമായി ഇവരെത്തിയതെന്നാണ് സൂചന. എന്നാൽ അക്രമ ശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
19 ഉം 23 ഉം 39 ഉം വയസ്സ് പ്രായമുള്ള യുവതികളാണ് അക്രമത്തിനെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിലെത്തിയ യുവതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതികളിലൊരാൾ പൊലീസുദ്യോഗസ്ഥനെ കത്തികൊണ്ട് പരിക്കേൽപിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെർണാർഡ് കാസനോവ് അറിയിച്ചു. 19 വയസ്സുള്ള യുവതിയാണ് പൊലീസുകാരനെ അക്രമിച്ചത്.
യുവതിയുടെ അച്ഛന്‍റെ കാറുപയോഗിച്ചാണ് ഇവരെത്തിയതെന്നും സംഭവത്തിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
