പെൺകുട്ടിയും പ്രതിയുടെ മകളും മൂന്നാം ക്ലാസ്സുമുതൽ ഒന്നിച്ചു പഠിച്ചിരുന്നവരാണ് പ്രതിയുടെ വീടിനെ സ്വന്തം വീടുപോലെയാണ് കരുതിയിരുന്നത് അങ്കിളെന്നായിരുന്നു ഇയാളെ പെൺകുട്ടി വിളിച്ചിരുന്നത്
ഗുരുഗ്രാം: നിയമവിദ്യാർത്ഥിനിയെ അടുത്ത കൂട്ടുകാരിയുടെ അച്ഛൻ ബലാത്സംഗം ചെയ്തു. സ്വന്തം മകൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്നപ്പോഴാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. ഒന്നിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു രണ്ട് പെൺകുട്ടികളും. ഇരയായ പെൺകുട്ടിയെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി തൊട്ടടുത്ത റൂമിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പ്രതിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തിനിരയായ പെൺകുട്ടിയും പ്രതിയുടെ മകളും മൂന്നാം ക്ലാസ്സുമുതൽ ഒന്നിച്ചു പഠിച്ചിരുന്നവരാണ്. പ്രതിയുടെ വീടിനെ സ്വന്തം വീടുപോലെയാണ് കരുതിയിരുന്നത്. മാത്രമല്ല അങ്കിളെന്നായിരുന്നു ഇയാളെ പെൺകുട്ടി വിളിച്ചിരുന്നത്. ഗുരുഗ്രാമിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഇരയായ പെൺകുട്ടിയുടെയും അമ്മയുടെയും ഒപ്പം പ്രതിയുടെ മകളും ഉണ്ടായിരുന്നു. ഉറങ്ങിക്കിടന്ന തന്നെ വിളിച്ചുണർത്തി കയ്യിൽ പിടിച്ചു വലിച്ച് തൊട്ടടുത്ത മുറിയിൽ കയറ്റി കുറ്റിയിടുകയായിരുന്നു. ഇത്തരത്തിലൊരു ആക്രമണം പ്രതീക്ഷിച്ചതേയില്ല. തിരികെ റൂമിലെത്തി കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾ തന്നെയാണ് തിരികെ വീട്ടിലെത്തിച്ചത്. തന്റെ പിതാവ് ശിക്ഷിക്കപ്പെടണമെന്ന് തന്നയാണ് പ്രതിയുടെ മകൾ പറയുന്നത്.
അച്ഛനെപ്പോലെ കരുതിയിരുന്ന ആൾ തന്നെ മാനഭംഗപ്പെടുത്തിയതിന്റെ ഷോക്കിലാണ് പെൺകുട്ടി. അയാളെ വിശ്വസിച്ച തന്നെ ചതിച്ചു എന്നാണ് പെൺകുട്ടി തന്റെ പരാതിയിൽ പറയുന്നത്. സംഭവം നടക്കുന്നതിന്റെ തലേന്ന് മകൾക്കും സുഹൃത്തിനും ഇയാൾ വിരുന്ന് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി തന്റെ മുറിയിലേക്കാണ് വന്നതെന്നും സംഭവത്തിൽ താൻ നിരപരാധിയാണെന്നുമാണ് പ്രതി പറയുന്നത്. തന്റെ മകൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ നിലപാട്.
