ഒമാന്‍: വനിതകള്‍ക്ക് ടാക്‌സി ഡ്രൈവറാകാന്‍ അനുവദിച്ചുകൊണ്ടുള്ള പുതിയ ഗതാഗത നിയമം മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്ത് സ്ഥിരമായി താമസിച്ചു വരുന്ന വിദേശികള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ റവാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഒമാനിലെ ഗതാഗത നിയമം പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവുകള്‍ വ്യക്തമാക്കിയത്.
കൂടാതെ രാജ്യത്ത് സ്ഥിരമായി താമസിച്ചു വരുന്ന വിദേശികള്‍ എല്ലാ രണ്ടു വര്‍ഷത്തിലും തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കേണ്ടി വരും. നിലവില്‍ പത്തു വര്‍ഷത്തെ ലൈസന്‍സ് കാലവിധി ഉള്ളവര്‍ കാലാവധിക്കു ശേഷം എല്ലാ രണ്ടു വര്‍ഷവും ലൈസന്‍സ് പുതുക്കി തുടങ്ങണം. പുതിയ റോഡ് ലൈസന്‍സുകള്‍ വിജയിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള താത്കാലിക ലൈസന്‍സുകള്‍ ആയിരിക്കും. വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്ബന്ധമാകുന്നതിനോടൊപ്പം, നാലു വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കിയതായി ഉത്തരവില്‍ പറയുന്നു.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ ആയിരുന്ന പത്തു ഒമാനി റിയല്‍ പതിനഞ്ചു ഒമാനി റിയല്‍ ആയി ഉയര്‍ത്തി. അംഗ വൈകല്യം ഉള്ളവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുവാന്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ അമ്പതു ഒമാനി റിയല്‍ പിഴ നല്‍കേണ്ടി വരും. പൊതു നിരത്തുകളില്‍ കൂടി സൈക്കിള്‍ സവാരി നടത്തുന്നവര്‍ കര്‍ശനമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പുതിയ ഗതാഗത നിയമത്തിന്റെ ലക്ഷ്യമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
