പാരഗ്ലൈഡറുടെ സഹായത്തോടെയും   സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ച്  ആകര്‍ഷിച്ചും കടുവയെ പിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  കസ്തൂരിയുടേതിന് സമാനമായ ഗന്ധമുളള വസ്തു ചേര്‍ത്ത പെര്‍ഫ്യൂം ആണ് കടുവയെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്നത്. 

മുംബൈ: മഹാരാഷ്ട്രയിലെ പാന്ധര്‍കവടയിലെ ആളുകള്‍ ഓരോ ദിവസവും കഴിയുന്നത് മരണഭീതിയിലാണ്. ഇതുവരെ 9 പേരുടെ ജീവനെടുത്ത ഒരു പെണ്‍കടുവയാണ് പ്രദേശത്തെ മുഴുവന്‍ പേരുടെയും ഉറക്കം കെടുത്തുന്നത്. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും അധികൃതര്‍ക്ക് കടുവയെ പിടികൂടാനായിട്ടില്ല. 

പാരഗ്ലൈഡറുടെ സഹായത്തോടെയും സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ആകര്‍ഷിച്ചും കടുവയെ പിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കസ്തൂരിയുടേതിന് സമാനമായ ഗന്ധമുളള വസ്തു ചേര്‍ത്ത പെര്‍ഫ്യൂം ആണ് കടുവയെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്നത്. ഈ ഗന്ധത്തില്‍ ആകൃഷ്ടയായി എത്തുന്ന കടുവയെ കൂട്ടിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

ലോകത്ത് പലയിടങ്ങളിലും പരീക്ഷിച്ച് വിജയിച്ച രീതിയാണ് പെര്‍ഫ്യൂം ഉപയോഗിച്ച് ആകര്‍ഷിക്കുന്നത്. 2015ല്‍ മാണ്ഡ്യയില്‍ പുള്ളിപ്പുലിയെ കൂട്ടിലാക്കാന്‍ ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം ശ്രമിച്ചിട്ടും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് പുള്ളിപ്പുലിയെ പെര്‍ഫ്യൂം ഉപയോഗിച്ച് കൂട്ടിലാക്കിയത്. ടി വണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പെണ്‍ കടുവയെ കണ്ടെത്താന്‍ നായകളെയും ഉപയോഗിച്ചിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചും കടുവയുടെ വാസസ്ഥാലം കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.