ദില്ലി: 25 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ചവറുകൂനയില്‍ എറിഞ്ഞുകൊന്നു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതില്‍ ക്ഷുഭിതയായാണ് കൃത്യം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഈസ്റ്റ് ദില്ലിയിലാണ് സംഭവം.

ഈസ്റ്റ് വിനോദ്പൂര്‍ സ്വദേശിയായ നേഹ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ദിവസങ്ങള്‍ക്ക് മുന്‍പാണ് നേഹ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും ദേഷ്യവും കൊണ്ടാണ് കുഞ്ഞിനെ എടുത്തെറിഞ്ഞതെന്ന് യുവതി പറഞ്ഞു. ഗുരുതരമായ പരിക്കുകള്‍ കാരണം ജി.ടി.ബി ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. 

Scroll to load tweet…

കുഞ്ഞിനെ കാണാനില്ലെന്ന പരാതി വെള്ളിയാഴ്ചയാണ് പൊലീസിന് ലഭിച്ചത്. തിട്ടിക്കൊണ്ട് പോയതാകാമെന്ന സംശയത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. അമ്മ ചവറുകൂനയിലേക്ക് എന്തോ എറിയുന്നത് കണ്ടുവെന്ന് പരിസരത്തുണ്ടായിരുന്ന ഒരാള്‍ മൊഴി നല്‍കിയതോടെ പൊലീസ് അമ്മയെ ചോദ്യം ചെയ്തു. കുഞ്ഞിനെ എറിഞ്ഞ സ്ഥലം ഇവര്‍ പൊലീസിന് കാണിച്ചുകൊടുത്തതോടെ തെരച്ചില്‍ ആരംഭിച്ചു. മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് പെണ്‍കുഞ്ഞിനെ ജീവനോടെ കണ്ടെടുത്ത പൊലീസ് ഉടന്‍ തന്നെ എല്‍.ബി.എസ് ആശുപത്രിയിലേക്ക് മാറ്റി. ശക്തമായ ഏറില്‍ തലയോട്ടിയില്‍ ഉള്‍പ്പെടെ പരിക്കേറ്റ കുഞ്ഞിനെ പിന്നീട് ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു.