കരുണാനിധിയുടെ ആരോഗ്യനില വഷളായപ്പോള്‍ മുതല്‍ സംസ്‌കാരം സംബന്ധിച്ച അനൗപചാരിക ചര്‍ച്ച ഡിഎംകെ നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി കരുണാനിധിയുടെ മകള്‍ കനിമൊഴി കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനെ കണ്ടിരുന്നു

ചെന്നൈ: അന്തരിച്ച മുതിര്‍ന്ന നേതാവ് എം.കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ വാദം കേൾക്കുന്നത് മദ്രാസ് ഹൈക്കോടതി രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും. ചൊവ്വാഴ്ച്ച അർധരാത്രി ഒരു മണി വരെ നീണ്ട കോടതി നടപടികളിൽ ഹർജിക്കാരായ ഡിഎംകെ തങ്ങളുടെ വാദം കോടതി മുൻപാകെ ഉന്നയിച്ചു. തുടർന്ന് ഇതിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇൗ ഘട്ടത്തിലാണ് വിവരങ്ങൾ ശേഖരിക്കാൻ തങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടത്. 

അപ്രതീക്ഷിതമായി പരി​ഗണിക്കപ്പെട്ട ഹർജിയായതിനാൽ ആവശ്യമായ വിവരങ്ങൾ കൈവശമില്ലെന്നും ഇവ ശേഖരിക്കാൻ സമയം വേണമെന്നുമാണ് സർക്കാർ അഭിഭാഷകന്റെ വാദം. ഇതം​ഗീകരിച്ചാണ് വാദം കേൾക്കുന്നത് രാവിലെ എട്ട് മണി വരെ ഹൈക്കോടതി നീട്ടിവച്ചത്. 
തമിഴ്‌നാട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.രമേശിന്റെ വസതിയിലാണ് വാദം കേൾക്കുന്നത്.ചീഫ് ജസ്റ്റിനിസിനൊപ്പം മറ്റൊരു ജഡ്ജിയും ചേർന്നാണ് വാദം കേള്‍ക്കുന്നത്. ഹൈക്കോടതി ഹര്‍ജി തള്ളുന്ന പക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ട് അടിയന്തരഹര്‍ജി നല്‍കാന്‍ ഡിഎംകെ ദില്ലിയില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 

ജയലളിതയുടെ ശവസംസ്കാരം മറീനയിൽ നടന്നതിന് പിന്നാലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ ട്രാഫിക് രാമസ്വാമിയടക്കമുള്ളവർ മറീനാ ബീച്ചിനെ ശവപറമ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ഹർജികളാണ് ഇൗ വിഷയത്തിൽ ഹൈക്കോടതിയിലെത്തിയത്. ഇതിൽ വാദം പുരോ​ഗമിക്കുന്നതിനിടെയാണ് കരുണാനിധിയുടെ മരണം.

എന്നാൽ ഹർജി നൽകിയ ഇൗ അഞ്ച് പേരിൽ നാല് പേരും കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരായ പിഎംകെ നേതാവ് വി.കെ.ബാലു, അഭിഭാഷകനായ ദുരൈ സ്വാമി എന്നിവർ തങ്ങളുടെ ഹർജി പിൻവലിക്കുന്നതായി രാത്രി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. കരുണാനിധിയുടെ സംസ്കാരം മറീനയിൽ നടത്തുന്നതിൽ തങ്ങൾക്ക് അഭിപ്രായമൊന്നുമില്ലെന്നാണ് ട്രാഫിക് രാമസ്വാമിയുടേയും മറ്റൊരു ഹർജിക്കാരന്റേയും അഭിഭാഷകർ കോടതിയെ അറിയിച്ചത്. 

ഹർജിക്കാർ തന്നെ പിന്മാറുകയും എതിർപ്പില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടും എഐഡിഎംകെ സർക്കാർ കരുണാനിധിയുടെ സംസ്കാരത്തിന് അനുമതി നിഷേധിക്കുന്നത് ​ഗുരുതരപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന വിമർശം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇന്നലെ വാദത്തിനിടെ സംസ്കാരത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ എന്തെങ്കിലും സംഘർഷം പൊട്ടിപുറപ്പെട്ടാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് സർക്കാർ അഭിഭാഷകനോട് ചോദിച്ചിരുന്നു. അത് തങ്ങൾ കൈകാര്യം ചെയ്യുമെന്നായിരുന്നു സർക്കാരിന്റെ മറുപടി. ഇന്നലെ ഹർജിയിൽ മറുപടി പറയാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ട ഘട്ടത്തിൽ നിങ്ങൾ തീരുമാനമെടുക്കാൻ വൈകുന്ന ഒാരോ നിമിഷവും നിങ്ങൾ നേരിടേണ്ടി വരേണ്ട ക്രമസമാധാന പ്രശ്നങ്ങളുടെ തോതും വർധിക്കുമെന്ന് ചീഫ് ജസ്റ്റിസ് തന്നെ സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു. 

അതേസമയം കോടതിയുടെ നിരീക്ഷണം ശരിവയ്ക്കും വിധം ഹർജിയിൽ തീരുമാനം വൈകും തോറും ഡിഎംകെയുടെ അണികൾ വിഷയത്തിൽ കൂടുതൽ വൈകാരികമായി പെരുമാറുന്നത് സ്ഥിതി​ഗതികൾ വഷളാക്കുന്നുണ്ട്. തമിഴ്നാടിന്റെ പലഭാ​ഗങ്ങളിലും കരുണാനിധിയുടെ സംസ്കാരം ചെന്നൈയിൽ തന്നെ നടത്തണം എന്നാവശ്യപ്പെട്ട് ഡിഎംകെ പ്രവർത്തകർ പ്രകടനം നടത്തുകയാണ്. ഇന്നലെ കരുണാനിധിയുടെ മരണവാർത്ത പുറത്തു വന്നതിന് തൊട്ടുപിന്നാലെ ചെന്നൈയിൽ പലയിടത്തും തുറന്നിട്ട കടകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഓടുന്ന ബസുകളുടെ ചില്ലും പലയിടത്തും എറിഞ്ഞു തകർത്തു. 


കരുണാനിധിയുടെ ആരോഗ്യനില വഷളായപ്പോള്‍ മുതല്‍ സംസ്‌കാരം സംബന്ധിച്ച അനൗപചാരിക ചര്‍ച്ച ഡിഎംകെ നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി കരുണാനിധിയുടെ മകള്‍ കനിമൊഴി കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനെ കണ്ടിരുന്നു. കരുണാധിനിയുടെ സംസ്‌കാര വിഷയത്തില്‍ തീരദേശപരിപാലന നിയമത്തില്‍ ഇളവ് വേണണെന്നായിരുന്നു കനിമൊഴിയുടെ ആവശ്യം.

കരുണാനിധി ആശുപത്രിയിലെത്തിയപ്പോള്‍ അവരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിമാരോടും കേന്ദ്രനേതാക്കളോടും കരുണാനിധിയുടെ കുടുംബം ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മറികടന്ന് തങ്ങള്‍ തീരുമാനമെടുക്കില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കട്ടേ എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഡിഎംകെയെ അറിയിച്ചിരിക്കുന്നത്. 

കരുണാനിധിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പേതന്നെ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയേയും സംസ്ഥാന ചീഫ് സെക്രട്ടറിയേയും കണ്ട ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ പിതാവിന്റെ സംസ്‌കാരം മറീനയില്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ ഇത് തള്ളിയിരുന്നു. ഇതോടെയാണ് അവര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

ജയലളിതയെ പോലെ തന്നെ തമിഴിന്റെ ശബ്ദമാണ് കരുണാനിധിയെന്നും അദ്ദേഹത്തിനുള്ള അന്ത്യവിശ്രമം മറീനയിലൊരുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് താന്‍ കരുതുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിലെ അണ്ണാസമാധിയോട് ചേര്‍ന്ന് നടത്താന്‍ വേണ്ട അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍താരം രജനീകാന്തും രംഗത്തു വന്നിട്ടുണ്ട്.

കരുണാനിധിയുടെ മരണത്തോടെ സംസ്‌കാരം മറീനയില്‍ തന്നെയാവണം എന്ന് ഉറപ്പാക്കാനായി ഡിഎംകെ എംപിമാര്‍ ദില്ലിയില്‍ ക്യാംപ് ചെയ്ത് ചര്‍ച്ചകള്‍ നടത്തുകയാണ്. ബദ്ധവൈരികളായ എഡിഎംകെയാണ് തമിഴ്‌നാട് ഭരിക്കുന്നത് എന്നിരിക്കെ കരുണാനിധിയുടെ സംസ്‌കാരത്തെ ചൊല്ലിയുള്ള അനിശ്ചിതത്വത്തില്‍ ഡിഎംകെ അണികള്‍ ആകെ അസ്വസ്ഥരാണ്. തന്റെ ഗുരുവും ചിരകാലസുഹൃത്തുമായ അണ്ണാദുരൈയോടൊപ്പം അന്ത്യവിശ്രമം കൊള്ളുക എന്ന ആഗ്രഹം കരുണാനിധി തന്നെ വെളിപ്പെടുത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്.