മോസ്കോ: നഗരത്തിലൂടെ പോകുന്ന ചില കാറുകള്‍ മാത്രം അടങ്ങുന്ന ചിത്രം. ഇതിന്‍റെ പേരില്‍ ഒരു വിവാഹമോചനം. യൂലിയ അഗ്രനോവിച്ച് എന്ന റഷ്യക്കാരിയാണ് ഈ ചിത്രത്തിന്‍റെ പേരില്‍ വിവാഹമോചനം നടത്തി വാര്‍ത്ത സൃഷ്ടിച്ചത്. തന്‍റെ ബെഡ്‌റൂമില്‍ നിന്നു മാത്രം ലഭിക്കുന്ന നഗരത്തിന്‍റെ വ്യൂ, മറ്റൊരു സ്ത്രീയുടെ കാമറയില്‍ പതിഞ്ഞു. ആ ഫോട്ടോയാണ് ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ വെറുതെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യൂലിയ കണ്ടത്. 

ഉടന്‍ തന്നെ ആ സ്ത്രീയുടെ എല്ലാ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും അവര്‍ പരിശോധിച്ചു. തന്‍റെ ബെഡ്‌റൂം വിന്‍ഡോയില്‍ നിന്നും മാത്രമെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിരവധി ഫോട്ടോകള്‍. അതോടെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് യൂലിയ മനസിലാക്കി. ഉടന്‍ തന്നെ വിവാഹമോചനവും. 

ഭര്‍ത്താവിന്റെ കാമുകിയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോയ്ക്ക് താഴെ യൂലിയ കമന്റുമിട്ടു എന്നതാണ് രസകരം. ബ്യൂട്ടിഫുള്‍ വ്യൂ ഫ്രം മൈ ഹസ്ബന്‍ഡ്‌സ് ബെഡ്‌റൂം-എന്റെ ഭര്‍ത്താവിന്റെ ബെഡ്‌റൂമില്‍ നിന്നു ലഭിക്കുന്ന മനോഹരമായ ദൃശ്യം. ഇതോടെ കഥ മാറി. നാസര്‍ ഗ്രൈന്‍കോയെന്നാണ് ഭര്‍ത്താവിന്റെ പേര്. 
ഫോട്ടോയെടുത്ത സ്ത്രീയെയും സുഹൃത്തുക്കളെയും വീട് കാണാന്‍ വിളിച്ചപ്പോള്‍ അവര്‍ എടുത്ത ഫോട്ടോയാകും എന്നെല്ലാം ഭര്‍ത്താവ് നമ്പറുകള്‍ ഇറക്കിയെങ്കിലും അതൊന്നും ഏറ്റില്ല. 

ഭര്‍ത്താവിന് നിരവധി സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടെന്ന് യൂലിയ കണ്ടെത്തി. മാത്രമല്ല അവര്‍ക്കൊന്നും ഇദ്ദേഹം വിവാഹിതനാണെന്ന കാര്യം അറിയുകയുമില്ല. പിന്നെ വിവാഹമോചനം എന്ന ഏക പോംവഴി മാത്രമേ യൂലിയക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. 

എന്തായാലും യൂലിയയുടെ വിവാഹ ജീവിതം തകര്‍ത്ത ആ ഫോട്ടോ അതോടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു റഷ്യന്‍ ചാനലിനോട് തന്റെ അനുഭവങ്ങള്‍ യൂലിയ പങ്കുവെക്കുകയും ഇതുപോലെ ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെ സ്ത്രീകള്‍ ഡിവോഴ്‌സ് ചെയ്യണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തു. മാത്രമല്ല, ആ ഫോട്ടോയെടുത്ത സ്ത്രീയോട് നന്ദിയും പറഞ്ഞു യൂലി. യൂലിയയുടെ അവകാശങ്ങളോട് ഇതുവരെ മുന്‍ഭര്‍ത്താവ് പ്രതികരിച്ചിട്ടില്ല.