ഇടതുപക്ഷത്തിന്റെ രാജ്യത്തെ ഏകമുഖ്യമന്ത്രി പിണറായി വിജയനാകുമ്പോള്‍ ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് തന്നെയന്ന് തല്‍ക്കാലത്തേക്കെങ്കിലും പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടി വരും. 

ദില്ലി: ത്രിപുരയിലുണ്ടായ പരാജയത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടുപക്ഷ സാന്നിധ്യം അപകടകരമായ രീതിയില്‍ ചുരുങ്ങിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം കാര്യമായി ഇടിയുന്നതിലേക്ക് ഇന്നത്തെ ത്രിപുര ഫലം നയിക്കും. സിപിഎമ്മിനുള്ളിലെ ഭിന്നതയും ആശയക്കുഴപ്പവും കൂട്ടാന്‍ ഇടയാക്കുന്നതാണ് ഈ കനത്ത പരാജയം. 

വെറും പതിനാറ് എംപിമാരുള്ള ഇടതുപക്ഷത്തിന്റെ നേതാവായിരുന്നു 1952ല്‍ ലോക്‌സഭയില്‍ എകെ ഗോപാലന്‍. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം അനൗദ്യാഗികമായെങ്കിലും എകെജിക്കായിരുന്നു. മാത്രമല്ല ഭരണകര്‍ത്താക്കള്‍ എകെജിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. സഖ്യ കൊണ്ടല്ല ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഇടതുപക്ഷം ആര്‍ജ്ജിച്ച ധാര്‍മ്മിക ഇടമാണ് എകെജിയുടെ വാക്കുകള്‍ക്ക് അന്ന് ശക്തി പകര്‍ന്നത്.

എന്നാല്‍ ഇന്ന് ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍ ഓരോന്നായി ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തില്‍ വലതുപക്ഷത്തിന്റെ സര്‍വ്വാധിപത്യത്തിലേക്കാണ് ഈ തകര്‍ച്ച നയിക്കുന്നത്. പശ്ചിമബംഗാള്‍ നഷ്ടപ്പെട്ട സിപിഎം അവിടെ പ്രധാന പ്രതിപക്ഷമായി ബിജെപി ഉയരുന്നത് കണ്ടു നില്‍ക്കുകയാണിപ്പോള്‍. ത്രിപുരയില്‍ ബിജെപി ഭരണം പിടിക്കുമ്പോള്‍ ഇന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്ന തീവ്രഐ.ടി.ബി.പി സിപിഎമ്മിന് പകരം പ്രധാന പ്രതിപക്ഷമായി മാറിയേക്കും. 

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിച്ചുണ്ടാവുന്ന പരാജയത്തോടെ രാജ്യസഭയിലും ഇടതു സാന്നിധ്യം ദുര്‍ബലമാകും. ദേശീയ കക്ഷി എന്ന അംഗീകാരം നിലനിറുത്തുക പോലും സിപിഎമ്മിനും സിപിഐക്കും ഇനി ശ്രമകരമാണ്. ഇടതുപക്ഷത്തിന്റെ ഏകമുഖ്യമന്ത്രി പിണറായി വിജയനാകുമ്പോള്‍ ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് തന്നെയന്ന് തല്‍ക്കാലത്തേക്കെങ്കിലും പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടി വരും. 

എന്തായാലും പാര്‍ട്ടിക്കുള്ളില്‍ കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്ന യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ത്രിപുരയിലെ ബിജെപി മുന്നേറ്റം ആയുധമാകുമെന്നുറപ്പാണ്. പിടിച്ചു നില്‍ക്കണമെങ്കില്‍ മറ്റുള്ളവരോട് സഹകരിക്കുക എന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ ഇനി ഉയരും. അതേസമയം മണിക് സര്‍ക്കാര്‍ കൂടി ദുര്‍ബലനാകുമ്പോള്‍ ഹൈദരാബാദില്‍ പിണറായി കടിഞ്ഞാണ്‍ കൈയ്യിലെടുക്കാന്‍ ശ്രമിക്കാനുള്ള സാധ്യതയും ശക്തമാണ്. കേന്ദ്ര നേരിട്ട് ഭരിച്ചില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിലും സാംസ്‌കാരിക ഇടങ്ങളിലും ഉണ്ടായിരുന്ന ചുവപ്പ് പൊട്ടുകള്‍ കൂടി വൈകാതെ മാറും എന്ന സന്ദേശവും ത്രിപുരയിലെ ജനവിധി നല്കുന്നുണ്ട്. പശ്ചിമബംഗാളിലെന്ന പോലെ ത്രിപുരയിലും ഇപ്പോള്‍ ഉണ്ടായ തിരിച്ചടിയില്‍ നിന്നും കരകയറാന്‍ സിപിഎമ്മിന് ഒരുപാട് സമയം വേണ്ടി വന്നേക്കും.