ഫാ.പീലിയാനിക്കല്‍ കര്‍ഷകരെ വഞ്ചിച്ചെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: കര്‍ഷക മിത്രമെന്ന പേരില്‍ ഫാ.പീലിയാനിക്കല്‍ കര്‍ഷകരെ വഞ്ചിച്ചെന്ന് മന്ത്രി ജി.സുധാകരന്‍. പുരോഹിതന്മാര്‍ക്കിടയിലെ പൊള്ളയായ മനുഷ്യനാണ് പീലിയാനിക്കലെന്നും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. ബാങ്കുദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പങ്ക് പുറത്തുവരണമെന്നും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രത്യേകാന്വേഷണ സംഘത്തിനായി സമ്മര്‍ദ്ദം ചെലുത്തമെന്ന് സിപിഐ പറഞ്ഞു.

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിന് ചതിച്ച് പണം ഉണ്ടാക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തുതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ആറ് അംഗങ്ങള്‍ അടങ്ങുന്ന വ്യാജ സംഘങ്ങളുണ്ടാക്കിയാണ് വായ്പാ തട്ടിപ്പ് നടത്തിയതെന്നും വായ്പയെടുത്ത് കിട്ടിയ തുക പീലിയാനിക്കല്‍ കൈവശപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്യായ ലാഭം ഉണ്ടാക്കി വായ്പ യഥാസമയം തിരിച്ചടച്ചില്ലെന്നും ബാങ്കുകളില്‍ പരാതിക്കാര്‍ക്ക് അവരറിയാതെ ബാധ്യതയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും സമാനമായ കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.