ആലപ്പുഴ ബൈപ്പാസിന് തടസ്സമായി നില്‍ക്കുന്ന ആല്‍മരം മുറിച്ച് മാറ്റാത്ത കളക്ടറെ വിമശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ജനങ്ങളുടെ വികസനസ്വപ്നങ്ങള്‍ക്ക് കുറുകെ നില്‍ക്കുന്ന ആല്‍മരം മുറിച്ചുമാറ്റേണ്ട കളക്ടര്‍ അനങ്ങുന്നില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറുമായി ബന്ധമുള്ള സംഘടനയാണ് മരംമുറിയെ എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വര്‍ഷങ്ങളായി നിര്‍മ്മാണം ഇഴഞ്ഞു നീങ്ങിയ പദ്ധതിയായിരുന്നു ആലപ്പുഴ ബൈപാസ്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായതാണ്. പക്ഷേ പിന്നീട് വിവിധ കാരണങ്ങളാല്‍ മുടങ്ങി. സമീപകാലത്ത് നിര്‍മ്മാണം വീണ്ടും സജീവമായെങ്കിലും ഇപ്പോള്‍ റെയില്‍വേ പാളത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ആലാണ് പ്രധാന തടസ്സം. അതില്‍ പ്രതിഷ്‌ഠയുണ്ടെന്നും നീക്കരുതെന്നും ആവശ്യപ്പെട്ട് പ്രാദേശിക ബി..ജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇപ്പോള്‍ ഈ ആലിന്റെ രണ്ട് ഭാഗത്തും മേല്‍പ്പാലത്തിന്റെ തൂണുകളുടെ പണി പൂര്‍ത്തിയായി. ആല് മുറിച്ച് മാറ്റാതെ ഇനി ഒന്നും നടക്കില്ല. ഇതിനെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിമര്‍ശിച്ചത്. ആല് ദൈവമാണെന്നാണ് പറയുന്നത്. ക്ഷേത്രങ്ങള്‍ പോലും താന്ത്രിക വിധി പ്രകാരം മാറ്റി സ്ഥാപിക്കുന്ന കാലമാണിത്. പക്ഷേ മുറിച്ച് മാറ്റേണ്ട ജില്ലാ കളക്ടര്‍ക്ക് അനക്കമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.