ഒരു വര്‍ഷം മുമ്പ് ടെന്‍ഡര്‍ തുറന്ന് നിര്‍മ്മാണം തുടങ്ങാമെന്നിരിക്കേ കേന്ദ്രത്തിലെ കേരള വിരുദ്ധ ലോബി തടസ്സം നില്‍ക്കുകയാണ്. ഉടന്‍ പണി തുടങ്ങാന്‍ കഴിയുമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പിലാണ് പ്രതീക്ഷയെന്നും ജി. സുധാകരന്‍

ആലപ്പുഴ: സംസ്ഥാനത്തെ നാലുവരിപ്പാത നിര്‍മ്മാണത്തില്‍ കേന്ദ്രം കേരളത്തോട് നീതി കാണിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഒരു വര്‍ഷം മുമ്പ് ടെന്‍ഡര്‍ തുറന്ന് നിര്‍മ്മാണം തുടങ്ങാമെന്നിരിക്കേ കേന്ദ്രത്തിലെ കേരള വിരുദ്ധ ലോബി തടസ്സം നില്‍ക്കുകയാണ്.

ഉടന്‍ പണി തുടങ്ങാന്‍ കഴിയുമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പിലാണ് പ്രതീക്ഷയെന്നും ജി. സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്‍റെ വടക്കേയറ്റമായ കാസര്‍ഗോഡ് തലപ്പാടിയില്‍ നിന്ന് ചെര്‍ക്കളവരെയുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് വേണ്ടി സംസ്ഥാനം ചെയ്യേണ്ടതെല്ലാം ഒരുവര്‍ഷം മുമ്പ് തന്നെ ചെയ്തു കഴിഞ്ഞു.

ഇനി ടെന്‍ഡര്‍ നടപടിയിലേക്ക് നീങ്ങേണ്ടത് കേന്ദ്രമാണ്. പക്ഷേ അത് ചെയ്യുന്നില്ല. നീലേശ്വരം റെയില്‍വേ മേല്‍പ്പാലവും മാഹി ബൈപ്പാസും കോഴിക്കോട് ബൈപ്പാസും നിര്‍മ്മാണം തുടങ്ങിയതോടെ കേരളത്തില്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണം തുടങ്ങിയെന്ന് പറയാം.

പക്ഷേ, നാലുവരി റോഡിന്‍റെ നിര്‍മ്മാണം തുടങ്ങാനാണ് ഇപ്പോള്‍ തടസ്സം. കീഴാറ്റൂരിലേതടക്കം ഭൂമി ഏറ്റെടുക്കുന്നതിനുള്ള എല്ലാ തര്‍ക്കവും പരിഹരിച്ചുകഴിഞ്ഞു. മിക്ക ജില്ലകളിലും കല്ലിടലും പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും നാലുവരിപ്പാതയുടെ നിര്‍മ്മാണം തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ജി സുധാകരന്‍ പറഞ്ഞു.