അമ്പലപ്പുഴ ക്ഷേത്രത്തിൽ അമിനിറ്റി സെന്‍റര്‍ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിനെതിരെയാണ് വിമർശനം
തൃശ്ശൂര്‍: പൊതുമരാമത്ത് വകുപ്പിനും എച്ച് സലാം എം എൽ എയ്ക്കുമെതിരെ പരോക്ഷ വിമർശനവുമായി ജി സുധാകരൻ രംഗത്ത്. അമ്പലപ്പുഴ ക്ഷേത്രത്തിൽ അമിനിറ്റി സെന്‍റര്‍ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിനെതിരെയാണ് വിമർശനം. ഭരണഘടനാപരമായി ഒരു ദേവാലയത്തിനും പണം മുടക്കാൻ സർക്കാരിന് അധികാരമില്ലെന്ന്അദ്ദേഹം പറഞ്ഞു. ഡീലക്സ് മുറികൾ ക്ഷേത്രത്തിന് ആവശ്യമുണ്ടോ ? ആറ് കോടി രൂപയുണ്ടെങ്കിൽ റോഡ് നിർമ്മിച്ചു കൂടെ? പള്ളിക്കൂടം നിർമ്മിച്ചു കൂടെ? പാവപ്പെട്ടവന് വീട് വച്ച് കൊടുത്തു കൂടെ ? കുടിവെള്ള പൈപ്പ് സ്ഥാപിച്ചു കൂടെ? കുറേ നേതാക്കന്മാരുടെ പടം ക്ഷേത്രത്തിനു മുന്നിൽ വച്ചിരിക്കുകയാണ്. ഇതൊക്കെ തെറ്റായ കാര്യമാണ്.
കേന്ദ്രസർക്കാരിന്റെ പണം ഉപയോഗിച്ച് യു പിയിൽ അമ്പലം പണിഞ്ഞുകൊടുത്തു എന്ന് പറഞ്ഞ് വിമർശനം ഉന്നയിക്കുന്നവരാണ് നമ്മൾ. പൈസ ഇല്ലെങ്കിൽ ദേവസ്വം ബോർഡിന് സർക്കാരിനോട് ചോദിക്കാം. സർക്കാരിന് ദേവസ്വം ബോർഡിനായി പണം അനുവദിക്കാം. നേരിട്ട് ക്ഷേത്രത്തിനു കൊടുക്കാൻ സർക്കാരിന് അധികാരമില്ല. നാളെ മുസ്ലിം പള്ളികളോ ക്രിസ്ത്യൻ ദേവാലയങ്ങളോ ചോദിച്ചാൽ കൊടുക്കാനാകുമോ ഇതൊക്കെ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്നും ജി സുധാകരൻ പറഞ്ഞു.ഇന്നലെ വൈകിട്ട് SNDP യോഗം അമ്പലപ്പുഴ യൂണിയന്‍റെ പരിപാടിയിലാണ് വിമർശനം എച്ച് സലാം എം എൽ എയുടെ ഇടപെടലിനെ തുടർന്ന് ആറ് കോടി രൂപയാണ് അമിനിറ്റി സെന്‍റർ ഉൾപ്പെടെ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്
എല്ലാവരും ചേർന്ന് കൈകൊട്ടി പാട്ടൊക്കെ പാടി എല്ലാം ഗംഭീരമാണ് എന്ന് പറഞ്ഞാലും നീയും ഗംഭീരം ഞാനും ഗംഭീരം എല്ലാരും ഗംഭീരം എന്ന് പറഞ്ഞാൽ ഒന്നും ഇവിടുത്തെ സത്യങ്ങൾ ഒന്നും ഇല്ലാതാകുന്നില്ല ഇവിടുത്തെ പ്രശ്നങ്ങൾ ഇല്ലാതെ ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

