കോഴിക്കോട് നഗരത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡുകളും അതിലെ സംവിധാനങ്ങളും നാട്ടുകാര്‍ നശിപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇത് സംബന്ധിച്ച് 'മാതൃഭൂമി' ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത സഹിതമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

900 കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച റോഡുകള്‍ നശിപ്പിച്ചത് നഗരസഭയും അധികാരികളും എംഎല്‍എമാരും പൊലീസും കളക്ടറുമെല്ലാം ഗൗരവത്തിലെടുക്കണമെന്നും നഗരങ്ങള്‍ സൗന്ദര്യവത്കരിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഇത്തരം സംഭവങ്ങളെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഈ വാര്‍ത്ത ഞെട്ടിച്ചു.. ഇത് സത്യമാണോ..

എങ്കില്‍ നാം ലജ്ജിക്കണം..

900 കോടിയോളം രൂപമുടക്കി പൊന്നും വിലയ്ക്ക് സ്ഥലം എടുത്ത് ആധുനിക നിലവാരത്തില്‍ 6 റോഡുകള്‍ നിര്‍മ്മിച്ചതിന്‍റെ ഉദ്ഘാടനം ബഹു മുഖ്യമന്ത്രിയും നവകേരള ശില്‍പ്പിയുമായ ശ്രീ പിണറായി വിജയന്‍ നവംബര്‍ മാസം നിര്‍വ്വഹിച്ചു. ഞാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഡോ. എം.കെ. മുനീറും ശ്രീ എ പ്രദീപ് കുമാറും പാര്‍ലമെന്‍റ് അംഗം ശ്രീ എം.കെ. രാഘവനും ബഹു മേയര്‍ ശ്രീ തോട്ടത്തില്‍ രവീന്ദ്രനും സംബന്ധിച്ചിരുന്നു.

ഈ പത്ര റിപ്പോര്‍ട്ടില്‍ പറഞ്ഞത് ശരിയാണെങ്കില്‍ നമ്മുടെ ആളുകളുടെ കൂട്ടത്തില്‍ ഇങ്ങനെ സാമൂഹ്യവിരുദ്ധര്‍ ഉണ്ടാകുന്നത് എങ്ങനെയാണ്. ഇക്കാര്യം നഗരസഭ അധികാരികളും എം.എല്‍.എമാരും ഗൗരവമായി എടുക്കേണ്ടതല്ലെ ? ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഗൗരവമായി എടുത്തിട്ടുണ്ടോ ? പൊതുജനങ്ങള്‍ ഗൗരവമായി എടുക്കുമോ ?

ഏതായാലും നഗരങ്ങള്‍ സൗന്ദര്യവത്കരിക്കാനുള്ള പി.ഡബ്യു.ഡിയുടെ ശ്രമങ്ങള്‍ക്കൊരു തിരിച്ചടിയാണിത്. എന്തിനാണ് ഖജനാവിലെ പണം വെറുതെ മുടക്കുന്നത് എന്ന ചിന്ത ഉണ്ടായാല്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജില്ലാ കളക്ടറും എം.എല്‍.എമാരും നഗരസഭ ചെയര്‍മാനും ജില്ലാ പോലീസ് മേധാവിയും പി.ഡബ്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയറും ചേര്‍ന്ന് അടിയന്തിരമായി ഇത് പരിശോധിക്കുകയും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.