വർഗീയ വാദികൾക്ക് മുന്നിൽ കീഴടങ്ങുക അല്ല വേണ്ടത് സർക്കാർ ശക്തമായ നടപടി എടുക്കും
ആലപ്പുഴ: സംഘപരിവാർ സംഘടനകളുടെ ഭീഷണി മൂലം നോവൽ പിൻവലിക്കേണ്ടിവന്ന എഴുത്തുകാരൻ എസ് ഹരിഷീനെ പിന്തുണച്ച് സർക്കാറും പ്രതിപക്ഷവും. ഹരീഷ് എഴുത്ത് നിർത്തരുതെന്ന മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു. ഭീഷണിയിൽ സർക്കാർ നടപടി എടുത്തില്ലെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷിൻറെ മീശ എന്ന നോവൽ പിൻവലിക്കേണ്ടിവന്നത് വലിയ വിവാദമായി. എഴുത്തുകാരനെ അനുകൂലിച്ചും ആവിഷ്ക്കാര സ്വാതന്ത്രം നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക രേഖപ്പെടുത്തിയും സാഹിത്യ സാംസ്ക്കാരിക പ്രവർത്തകരെല്ലാം പ്രതികരിച്ചു. സർക്കാറും ഹരീഷിനൊപ്പമെന്ന് മന്ത്രി ജി.സുധാകരൻ വിശദമാക്കുന്നു.
നോവൽ പിൻവലിക്കേണ്ടിവന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. അതേ സമയം ഹരീഷിനും കുടുംബത്തിനു് നിരന്തരം ഭീഷണി ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് മൗനം പാലിച്ചെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വിവാദം കത്തിപ്പടരുമ്പോഴും എസ് ഹരീഷ് പരസ്യപ്രതികരണത്തിനില്ല. നോവൽ പൂർത്തിയായാൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനാണ് നീക്കമെന്ന സൂചനയുണ്ട്. സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതിനെ കുറിച്ച് ഒരു കഥാപാത്രം പറയുന്ന ഭാഗം വിവാദമാക്കിയാണ് സംഘപരിവാർ സംഘടനകൾ പരസ്യമായി പ്രതിഷേധിച്ചത്.
ഹരീഷിന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിനെതിരെ ഒരു സുഹൃത്ത് വനിതാ കമ്മീഷന് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അതിനിടെ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ പ്രഭാവർമ്മക്ക് നേരെയും സംഘർപരിവാർ ഭീഷണി ഉണ്ടായി. കലാകൗമുദിയിൽ ഗീതയെ കുറിച്ച് ലേഖനം എഴുതിയതിന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ഭീഷണി കൊണ്ട് പിന്മാറില്ലെന്നും പ്രഭാവർമ്മ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
