കാസര്‍കോട്: ചേര്‍ക്കളയില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടം സമ്മാനിക്കുന്ന അശാസ്ത്രീയമായ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റണമെന്ന ഉത്തരവ് നാല് മാസമായിട്ടും നടപ്പാക്കാത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി ജി.സുധാകരന്‍. 

കാസര്‍കോട്ടെ പൊതു പരിപാടിക്കിടെയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് മന്ത്രി കയര്‍ത്തത്. നാലുമാസം മുന്‍പ് കാസര്‍കോട്ടെത്തിയപ്പോള്‍ സംസ്ഥാന പാതയിലെ ചെര്‍ക്കളയില്‍ വാഹനങ്ങള്‍ക്കും.യാത്രക്കാര്‍ക്കും അപകടം സമ്മാനിക്കുന്ന ആശസ്ത്രീയമായ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റാന്‍ പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍മാര്‍ക്ക് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

എന്നാല്‍ വെള്ളിയാഴ്ച വീണ്ടും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ട് വരുംവഴിയാണ് തന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച ഉദ്യോ ഗസ്ഥരെ മന്ത്രി കൈയോടെ പിടികൂടിയത്. താന്‍മടങ്ങും മുന്‍പ് വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റണമെന്നും ഇല്ലെങ്കില്‍ എത്ര വലിയ എഞ്ചിനിയറായാലും അവര്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും പൊതുപരിപാടിക്കിടെ ജി .സുധാകരന്‍ പറഞ്ഞു.

നിമിഷങ്ങള്‍ക്കകം മന്ത്രിയിരിക്കുന്ന വേദിയില്‍ നിന്നും ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചു മാറ്റാന്‍ ജെ. സി.ബി.അടക്കമുള്ള സര്‍വ്വ സന്നാഹങ്ങളുമായി ഉദ്യോഗസ്ഥര്‍ ചേര്‍ക്കളയിലേക്കു പാഞ്ഞു.മന്ത്രി കോപിച്ചതോടെ മണിക്കൂറുകള്‍ക്കകം ട്രാഫിക് സംവിധാനം പാതയില്‍ നിന്നും തുടച്ചുമാറ്റി.

കഴിഞ്ഞ യു.ഡി.എഫ്.ഭരണകാലത്താണ് കോടികള്‍ മുടക്കി വാഹനങ്ങള്‍ക്കും യാത്ര ക്കാര്‍ക്കും ഒരുപോലെ ആശയ കുഴപ്പം സൃഷ്ടിക്കുന്ന ട്രാഫിക് സംവിധാനം ചെക്കളയില്‍ നിര്‍മ്മിച്ചത്.ആര്‍ക്കും ഉപകാരപ്പെടാത്ത ട്രാഫിക്കിനെ കുറിച്ച് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ മന്ത്രിക്കു നിവേദനങ്ങള്‍ നല്‍കിയിരുന്നു. 

ഇതേതുടര്‍ന്ന് കാസര്‍കോട് വന്ന ജി.സുധാകരന്‍ ചെര്‍ക്കളയില്‍ ഇറങ്ങി ട്രാഫിക്ക് സംവിധാനം നേരില്‍ കാണുകയും അന്നുതന്നെ ഇത് പൊളിച്ചുമാറ്റാന്‍ ബന്ധ പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.വീണ്ടും ജില്ലയിലെത്തിയ മന്ത്രിയുടെ ശ്രദ്ധ യില്‍ ചെര്‍ക്കളയിലെ ട്രാഫിക് വിഷയം പെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ശകാര വര്‍ഷവും നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയും ഉണ്ടായത്.

അശാസ്ത്രീയമായ തരത്തില്‍ കാസര്‍കോട് ചെര്‍ക്കളയില്‍ നിര്‍മ്മിച്ച ട്രാഫിക് സര്‍ക്കിളിന്റെ മുഴുവന്‍ ചിലവുകളും അതിനു മേല്‍നോട്ടം നല്‍കിയ എക്‌സിക്യൂട്ടീവ് എഞ്ചിനിയറില്‍നിന്നും ഈടാക്കുമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.