വീട്ടിൽ നിന്നിറങ്ങിയാൽ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വെക്കുന്നത് എന്ന് ജി സുധാകരൻ. സമരക്കാരിൽ നാലുപേരുടെ പിന്തുണ ഉള്ളത് എൻഎസ്എസ്സിന് മാത്രം

ആലപ്പുഴ: വീട്ടിൽ നിന്നിറങ്ങിയാൽ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വെക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. സമരക്കാരിൽ നാലുപേരുടെ പിന്തുണ ഉള്ളത് എൻഎസ്എസ്സിന് മാത്രമെന്നും ജി സുധാകരൻ പറഞ്ഞു.

രാജകൊട്ടാരത്തിൽ ഉള്ളവരെ നാട്ടുകാർ കാണുന്നത് ഇതുപോലുള്ള അവസരത്തിൽ മാത്രമാണ്. കോൺഗ്രെസ്സുകാർ രാജ വാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. സർക്കാർ നിലപാടിനെ പിന്തുണച്ച എസ്‌എൻഡിപി യുടെ നിലപാട് നല്ലതിനാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, സുപ്രീംകോടതി വിധി യഥാർത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പക്ഷേ ഇപ്പോള്‍ നടക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോങ് മാർച്ച് പഴയ രഥ യാത്രയെ ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ആടിനെ പേപ്പട്ടിയാക്കാൻ ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി പറ‍ഞ്ഞു.

അതിനിടെ ശബരിമല സ്ത്രീപ്രവേശനത്തില്‍ മുഖ്യമന്ത്രിയെ മുൻനിർത്തി വിമർശനങ്ങളെ പ്രതിരോധിക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഈ മാസം 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജനകൂട്ടായ്മ നടത്തും. 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണ യോഗങ്ങളും ഉണ്ടാകും.

കോടതി വിധിക്ക് പിന്നാലെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡ‍ിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.ഈ മാസം 30ന് മുമ്പ് എല്ലാ ജില്ലകളിലും വിശദീകരണ യോഗം ചേരും. ശബരിമല സ്ത്രീപ്രവേശനവിധിയുടെ പേരിൽ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമമെന്നും എൽഡിഎഫ്.