ഏറ്റവും സുപ്രധാനമായ വിധിയാണ് ശബരിമല സ്ത്രീ പ്രവേശന കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്ന് മന്ത്രി ജി.സുധാകരൻ. സമൂഹത്തോടും ഭരണഘടനയോടും സ്ത്രീകളോടും കാണിച്ച നീതിയാണ് ഈ വിധിന്യായം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയ‍ർത്തിപ്പിടിക്കുന്ന വിധി എല്ലാ തരത്തിലും ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 


തിരുവനന്തപുരം: ഏറ്റവും സുപ്രധാനമായ വിധിയാണ് ശബരിമല സ്ത്രീ പ്രവേശന കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്ന് മന്ത്രി ജി.സുധാകരൻ. സമൂഹത്തോടും ഭരണഘടനയോടും സ്ത്രീകളോടും കാണിച്ച നീതിയാണ് ഈ വിധിന്യായം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയ‍ർത്തിപ്പിടിക്കുന്ന വിധി എല്ലാ തരത്തിലും ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു

സ്ത്രീകളുടെ ഭരണഘടനാപരമായ മൗലികാവകാശവും സമൂഹത്തിലെ സ്ത്രീകളുടെ പങ്ക് എന്നിവയെക്കുറിച്ചെല്ലാം നമ്മൾ ഒരുപാട് പറയുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ അതെല്ലാം എടുത്ത് പരണത്ത് വയ്ക്കാറാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഓരോരോ കാര്യങ്ങളിലായി ഇപ്പോൾ സമൂഹം മുന്നോട്ടുവരുകയാണ്. സുപ്രീം കോടതി കാലത്തിനനുസരിച്ച് നീങ്ങുന്ന ഒരുപാട് വിധികൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്.

ശബരിമല ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും കയറാവുന്ന സ്ഥലമാണ്. അവിടെ സ്ത്രീകൾ മാത്രം കയറരുത് എന്ന് പറയുന്നതിൽ ഒരു നീതീകരണവുമില്ല. സമൂഹ്യനീതിയുടേയും സമത്വത്തിന്‍റേയും പൂങ്കാവനമാണ് ശബരിമല. അതിന് തുല്യമായ ഒരു ക്ഷേത്രം ലോകത്തുണ്ടോ എന്ന് തനിക്ക് സംശയമുണ്ട്. കേവലമായ മത ആത്മീയതയല്ല ശബരിമലയുടെ പ്രത്യേകത. 

ഭൗതികേതരമായ ചില പ്രപഞ്ച സത്യങ്ങളുണ്ട്, അത് കാൾ മാർക്സും അംഗീകരിച്ചിട്ടുള്ളതാണ്. ആ തരം സത്യങ്ങളുടെയൊരു വിളംബര കേന്ദ്രമാണ് ശബരിമല. അവിടെ സ്ത്രീകളെ അംഗീകരിച്ചത് ചരിത്രപരമായ നീതിയാണെന്നും ജി.സുധാകരൻ പറഞ്ഞു. വിഎസ് സർക്കാരിന്‍റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരൻ എല്ലാ കാലത്തും ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാട് എടുത്തിരുന്നു. അയ്യപ്പനെ കാണാനെത്തുന്നവർ അതിനായി വരണം. മറ്റേതെങ്കിലും ഉദ്യശത്തോടെ വന്നാൽ അനുഭവിക്കുമെന്നും ശബരിമലയിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് ജി സുധാകരന്‍ പറഞ്ഞു.