റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്ത് പൊതുതാത്പര്യ ഹർജിയായി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെയാണ് കോടതി രൂക്ഷവിമർശനം നടത്തിയത്.  ഇതിനെതിരെയാണ് ജി.സുധാകരന്‍റെ കടുത്ത ഭാഷയിലുള്ള മറുപടി. 

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമെന്ന ഹൈക്കോടതി വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി ജി.സുധാകരന്‍. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതെന്നും ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ് മോശം അവസ്ഥയിലുള്ളതെന്നും ജി.സുധാകരന്‍ പറഞ്ഞു. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പിഡബ്ല്യുഡി. കൊച്ചി സിവില്‍ ലൈന്‍ റോഡ് മോശമായി കിടക്കുന്നത് മെട്രോ ജോലി ഉള്ളതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്ത് പൊതുതാത്പര്യ ഹർജിയായി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്നും വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണമെന്നും ഹൈക്കോടതി ആഞ്ഞടിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രി ജി.സുധാകരന്‍റെ വിശദീകരണം.