ദില്ലി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയുടെ ബജറ്റിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരം. 10, 000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. 2022ൽ മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

 ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുന്ന യാത്രികരെ തിരികെ സുരക്ഷിതരായി കടലിൽ ഇറക്കും. ഐഎസ്ആർഒയുടെ ശക്തി കൂടിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് ത്രീയാകും യാത്രികരെ ബഹിരാകാശത്ത് എത്തിക്കാൻ ഉപയോഗിക്കുക. മനുഷ്യരെ കൊണ്ടു പോകുന്നിന് മുന്നോടിയായുള്ള ആളില്ലാ പരീക്ഷണം 40 മാസത്തിനുള്ളിൽ നടത്തും. യാത്രികരെ വഹിക്കുന്ന കാപ്സ്യൂളിന്‍റെ ഉൾപ്പെടെയുള്ള പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്.