ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി ഒന്നാംഘട്ടം ജനുവരിയിൽ കമ്മീഷൻ ചെയ്യും

കൊച്ചി: ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ ഒന്നാംഘട്ടം ജനുവരിയിൽ കമ്മീഷൻ ചെയ്യും. കൊച്ചി-മംഗലാപുരം പൈപ്പ് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകുമെന്ന് പെട്രോളിയം ആന്റ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർ‍‍ഡ് ചെയർമാൻ ഡി.കെ. ഷരഫ് അറിയിച്ചു.

വലിയ ജനകീയപ്രതിഷേധങ്ങള്‍, നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തോട് അടുക്കുകയാണ്. ആദ്യഘട്ടത്തിൽ വരുന്ന 505 കിലോമീറ്റര്‍ ദൂരത്തിലെ നിർമ്മാണം ആണ് ഡിസംബറിൽ പൂർത്തിയാക്കുക. മംഗലാപുരം-കൊച്ചി-പാതയിലൂടെയുള്ള എൽഎൻജി പൈപ്പ് ലൈൻ കമ്മീഷൻ ചെയ്യുന്നതിനൊപ്പം പാചക വാതക വിതരണവും തുടങ്ങാനാകുമെന്നാണ് പിഎൻജിആർബിയുടെ വിലയിരുത്തൽ.

3700 കോടി മുതൽമുടക്കിൽ നടത്തുന്ന പദ്ധതി 2007ൽ തുടങ്ങിയത്. പാചകവാചക വിതരണരംഗത്ത് വലിയ മാറ്റം ആണ് സംസ്ഥാന സർക്കാർ ലക്ഷ്യം, പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളവും ദേശീയ വാതക പൈപ്പ് ലൈന്‍ ശൃംഖലയുടെ ഭാഗമാകും. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്താകെ പൈപ്പ് ലൈന്‍ ശൃംഖലയിലൂടെ ഗ്യാസ് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം. അതു വഴി നിരത്തിലെ ടാങ്കര്‍ ലോറികളും ഒഴിവാക്കി അപകടങ്ങൾ കുറയ്ക്കാനും കഴിയും. എറണാകുളം ഉൾപ്പെടെ ഏഴ് ജില്ലകളിലൂടെയാണ് ആദ്യഘട്ട പദ്ധതി കടന്നു പോകുന്നത്.