കോഴിക്കോട്: ഗെയ്‍ല്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വ്യവസായ മന്ത്രി എ. സി മൊയ്തീന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. പ്രധാന ആവശ്യങ്ങളില്‍ തീരുമാനമായില്ലെന്ന് സമരസമിതി വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി നല്‍കിയവര്‍ക്ക് ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാര തുക നല്‍കുന്നത് അംഗീകരിക്കില്ലെന്ന് സമരസമിതി ആദ്യമേ വ്യക്തമാക്കിയിരുന്നു.
വിപണിവിലയുടെ നാലിരട്ടിയാണ് സമരസമിതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ തീരുമാനമായില്ല. പൈപ്പ് ലൈനിന്‍റെ അലൈന്‍മെന്‍റ് മാറ്റണമെന്ന സമരസമിതിയുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. എന്നാല്‍ സമരം തുടരണമോയെന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകും. കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് ഉയര്‍ന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലായിരുന്നു സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്.
