തിരുവനന്തപുരം: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയെ പിന്തുണച്ചും സമരത്തെ വിമര്‍ശിച്ചും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമാസക്തമായ സമരം നടത്തി ഗെയില്‍ പദ്ധതി മുടക്കാന്‍ ശ്രമം നടത്തുന്നത് അപലപനീയമാണെന്ന് കുമ്മനം പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2007 ല്‍ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാന്‍ ആകാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേട് കൊണ്ടാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനോ കര്‍ഷകരുടെ ആശങ്ക അകറ്റാനോ നാളിതു വരെ സര്‍ക്കാരിനായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികള്‍ മുതലെടുക്കുകയാണ്. 

ഇപ്പോഴത്തെ ക്രമസമാധാന പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ കഴിവുകേട് മൂലം ഉണ്ടാകുന്നതാണ്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്കു വെച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് കയ്യടി നേടാനാണ് ഇരു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഈ സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധരും 
മത മൗലികവാദികളുമൊക്കെ പ്രശ്‌നം രൂക്ഷമാക്കാനാണ് ശ്രമിക്കുന്നത്. 

ഇത് മനസ്സിലാക്കി സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. കേരളത്തോടൊപ്പം ഇതേ പദ്ധതി അനുവദിച്ചു കിട്ടിയ ഗുജറാത്തില്‍ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിതുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ പദ്ധതിയുടെ പ്രാഥമിക കടമ്പ പോലും കടക്കാന്‍ ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് ഗതികേടാണ്- കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.