പോര്‍ബന്തര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൂടുപിടിച്ചിരിക്കുകയാണ്. ആളും ബഹളവും പ്രചാരണ തിരക്കുമെല്ലാമായി ഗുജറാത്ത് തെരുവുകള്‍ സജീവമാകുമ്പോള്‍ തിരിഞ്ഞ് നോക്കാന്‍ ആളില്ലാതെ ഒറ്റപ്പെടുകയാണ് കീര്‍ത്തി മന്ദിര്‍. മഹാത്മാഗാന്ധിയുടെ ജന്മസ്ഥാനമാണ് കീര്‍ത്തി മന്ദിര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗാന്ധിയുടെ പെരുമ അവകാശപ്പെടുമ്പോഴും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ കീര്‍ത്തിമന്ദിറിന്റെ ആശയം ഗുജറാത്തില്‍ കോണ്‍ഗ്രസ് പോലും തള്ളുന്നു. 

പോര്‍ബന്തറിലെ ഇടുങ്ങിയ തെരുവിലാണ് ഗുജറാത്ത് ലോകത്തിനു സമ്മാനിച്ച ഏറ്റവും വലിയ നേതാവിന്റെ ജന്മഗൃഹം. 3 നിലകളും 22 മുറികളുമുള്ള വീട്ടിലാണ് മഹാത്മാഗാന്ധി പിറന്നത്. ഇതിന് തൊട്ടടുത്തുള്ള കെട്ടിടം കൂടി വാങ്ങി ഒരു വ്യവസായി കീര്‍ത്തി മന്ദിര്‍ എന്ന സ്മാരകവും തീര്‍ത്തു. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഗാന്ധിയെ എല്ലാവര്‍ക്കും വേണമെങ്കിലും ഗുജറാത്തില്‍ ഈ മതസൗഹാര്‍ദ്ദ ദര്‍ശനത്തിന് ആവശ്യക്കാരില്ല. 140 കിലോമീറ്റര്‍ അകലെയുള്ള സോമനാഥ് ക്ഷേത്രത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയനേതാക്കളുടെ വന്‍ തിരക്കാണെങ്കിലും ഇവിടെ സ്ഥാനാര്‍ത്ഥികള്‍ കയറി ഇറങ്ങുന്നില്ല. തീവ്രമതനിലപാടും സാമുദായിക ചേരിതിരിവും ഗുജറാത്തില്‍ പൊതുപ്രവണതയാവുമ്പോള്‍ ഗാന്ധിസം വോട്ടുനേടാനുള്ള ആശയമല്ലെന്ന് കോണ്‍ഗ്രസ് പോലും വിലയിരുത്തുന്നു.