ഹൈദരാബാദ്: രാഷ്ട്രപിതാവും അഹിംസാവാദിയുമായ ​ഗാന്ധിജിയെ നമുക്കെല്ലാവർക്കും പരിചയമുണ്ട്. എന്നാൽ ​ഹൈദരാബാദിലെ ചിത്യാൽ ​ഗ്രാമത്തിന് ​ഗാന്ധിജി ദൈവമാണ്. ​​ഗാന്ധിയ്ക്ക് വേണ്ടി ഇവിടെ അമ്പലം നിർമ്മിച്ചിട്ടുണ്ട്. കറുത്ത കല്ലിലാണ് ഈ ക്ഷേത്രത്തിലെ ​ഗാന്ധി പ്രതിഷ്ഠ. ഒരു വെളുത്ത ഷാളും പുതപ്പിച്ചിരിക്കുന്നു. സാധാരണ അമ്പലങ്ങളിൽ ചെയ്യുന്നത് പോലെ തന്നെ ഇവിടെ പൂജയും ആരാധനയും നടക്കുന്നുണ്ട്. ഇരിക്കുന്ന ​രീതിയിൽ സ്ഥാപിച്ചിട്ടുള്ള ​ഗാന്ധി പ്രതിമ ഭക്തർക്ക് അനു​ഗ്രഹം നൽകുന്ന രീതിയിലാണ്. മറ്റ് ഹിന്ദു ദൈവങ്ങളെപ്പോലെ ഈ ദൈവത്തിന്‍റെ കൈകളിൽ ആയുധമില്ല എന്നൊരു വ്യത്യാസമുണ്ട്. ഹൈദരാബാദിൽ നിന്ന‌ും എഴുപത് കിലോമീറ്റർ ​അകലെയുള്ള നൽ​ഗോണ്ട ജില്ലയിലെ കൊച്ചു​ഗ്രാമമാണ് ചിത്യാൽ. 

2015- ലാണ് മഹാത്മാ​ ​ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സ്ഥാപിച്ച ഈ അമ്പലം ഊർജ്ജമന്ത്രി ജി ജ​ഗദീശ്വർ റെഡ്ഡി ഉദ്ഘാടനം ചെയ്തത്. ലാളിത്യവും വിനയവും നിറഞ്ഞ ജീവിതമായിരുന്നു ​ഗാന്ധിജിയുടേത്.  എന്നാൽ അഞ്ച് ഏക്കർ പ്രദേശത്തിന്റെ നടുവിലാണ് ഈ ​ഗാന്ധി അമ്പലം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ്- വിജയവാഡ ദേശീയ പാതയോട് ചേർന്നതാണ് ഈ ഭൂമി. രണ്ട് നിലകളിലായിട്ടാണ് അമ്പലം നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിലുള്ള ധ്യാനമുറിയോട് ചേർന്നാണ് വി​ഗ്രഹത്തിന്റെ സ്ഥാനം. ഭക്തർക്കുള്ള പ്രഭാഷണങ്ങൾ നടത്തുന്നത് ഇവിടെ വച്ച് തന്നെ. മാർബിൾ കൊണ്ട് നിർമ്മിച്ച മറ്റൊരു ​ഗാന്ധി പ്രതിമയും ധ്യാനമുറിയിലുണ്ട്. വന്ദേ ദേവാം. വന്ദേ ബാപ്പു, വന്ദേ ​ഗാന്ധി എന്നിങ്ങനെയുള്ള വചനങ്ങളാണ് ഇവിടെ എഴുതിവച്ചിട്ടുള്ളത്.

മാത്രമല്ല, വാരണാസി, തിരുപ്പതി, അമൃത്സർ, ഹരിദ്വാർ എന്നിവിടങ്ങളിൽ നിന്നുള്ള പുണ്യമണ്ണ് ഇവിടെയുണ്ട്. എല്ലാ മതങ്ങളും തുല്യമാണെന്ന ​ഗാന്ധിയൻ ആശയത്തെ ശക്തമാക്കാനാണ് ഇവ. അതുപോലെ എല്ലാ മതങ്ങളുടെയും വിശുദ്ധ പുസ്തകങ്ങൾ ഇവിടെയുണ്ട്. അഹിംസയുടെയും കാരുണ്യത്തിന്റെയും ആൾരൂപമായിരുന്നു ​ഗാന്ധിജി. മറ്റൊരാളുടെയും ആശയങ്ങൾ ഇത്രമേൽ  മനുഷ്യ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ​ഗാന്ധിജിക്ക് ഒരു ദേവാലയം എന്നത് അത്യാവശ്യമായ കാര്യമാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കാൻ ഇത് സഹായകരമാകും. - അമ്പല നടത്തിപ്പുകാരിലൊരാൾ‌ പറയുന്നു. 

രാവിലെ ആറര മുതൽ വൈകിട്ട് എട്ടര വരെ അമ്പലം ഭക്തർക്കായി തുറന്നു കൊടുക്കും. ഭക്തരുടെ ആവശ്യമനുസരിച്ച് പൂജകൾ ചെയ്യാൻ പൂജാരിമാരുണ്ട്. ​ഗാന്ധിജിയുടെ അനു​ഗ്രഹം ലഭിക്കുന്നതിനായി ദൂരെ സ്ഥലങ്ങളിൽ‌ നിന്നു വരെ ഭക്തർ ഇവിടെയെത്തിച്ചേരാറുണ്ട്. നേർച്ചയിടാനുള്ള ഭണ്ഡാരം ഇവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യകത. പൂജ നടത്താനായി പ്രത്യേകം പണം അടയ്ക്കേണ്ടി വരും. ​ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് പ്രത്യേക പൂജകളുമുണ്ടാകും. സ്കൂൾ വിദ്യാർത്ഥികൾക്കായി അന്നേ ദിവസം ​ഗാന്ധിജിയെ അടിസ്ഥാനമാക്കിയുളള എഴുത്തു മത്സരങ്ങൾ നടത്തും. 

എന്നാൽ സർക്കാരിന്‍റെ ഭൂമി കയ്യടക്കാനുള്ള രാഷ്ട്രീയ ഇടപെടലാണ് ഈ അമ്പലം എന്ന ആരോപണവും ഇവിടെ നിലനിൽക്കുന്നുണ്ട്. സർക്കാർ ഭൂമിയിലാണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. എന്നാൽ സ്ഥിരമായി ഒരു പൂജാരി ഇവിടെ ഉണ്ടാകാറില്ല എന്ന് പ്രദേശവാസികൾ പറയുന്നു. രാഷ്ട്രീയ പ്രവർത്തകർ ആരെങ്കിലും വരുന്ന ​ദിവസങ്ങളിലാണ് ഇത് തുറക്കാറുള്ളത്. എന്ത് തന്നെയായാലും ഈ അമ്പലം വന്നതോടെ ​ഗ്രാമത്തിൽ ​ഗുണകരമായ മാറ്റങ്ങൾ സംഭവിച്ചു എന്നാണ് ​ഗ്രാമവാസികൾ പറയുന്നത്. ദേശീയ പാതയിൽ ആക്സിഡന്റ് മൂലം ഓരോ വർഷവും നൂറ്റിഅമ്പതിലേറെ ജനങ്ങളാണ് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അപകടമരണങ്ങൾ നടക്കാറില്ലെന്ന് പ്രദേശ വാസികൾ സാക്ഷ്യപ്പെടുത്തുന്നു.