നീതി കിട്ടിയില്ലെങ്കിൽ ഡിജിപിയേയും മുഖ്യമന്ത്രിയേയും സമീപിക്കും

കൊല്ലം: ഗണേഷ് കുമാർ എംഎൽഎ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവാവ് രംഗത്ത്. ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരൻ അനന്തകൃഷ്ണൻ ആരോപിച്ചു. താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണ്. സ്ഥലത്തുണ്ടായിട്ടും അഞ്ചൽ സിഐ നടപടിയെടുത്തില്ലെന്നും അനന്തകൃഷ്ണൻ പറഞ്ഞു. താനും അമ്മയും ഗണേഷിനെ ലിവെറെടുത്ത് അടിച്ചെന്ന പരാതി കളവാണ്. ഇന്നലെ സംഭവം നടക്കുമ്പോള്‍ അഞ്ചൽ സിഐ സ്ഥലത്ത് ഉണ്ടായിരുന്നു, പക്ഷേ, നടപടിയെടുത്തില്ല. എംഎൽഎയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചത്.

നീതി കിട്ടിയില്ലെങ്കിൽ ഡിജിപിയേയും മുഖ്യമന്ത്രിയേയും സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചതായാണ് യുവ‌ാവ് പരാതി നല്‍കിയത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനാണ് മര്‍ദനമെന്നാണ് പരാതി. അഞ്ചൽ അഗസ്ത്യകോടാണ് സംഭവം. എന്നാല്‍, വിശദീകരണവുമായി ഗണേഷ് കുമാറിന്‍റെ ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ ആരോപിച്ചു.