തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ഇരയായ യുവതി ഹൈക്കോടതിയില്‍. പൊലീസ് ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി എടുത്തത്. ജാമ്യം തേടി ഗംഗേശാനന്ദ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലാണ് യുവതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ നിരപരാധിയെന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‌പോ പിന്‌പോ ഗംഗേശാന്ദ തന്നെ പീഡിപ്പിച്ചിട്ടില്ല. എഫ്‌ഐആറില്‍ നിരവധി തവണ തിരുത്തലുകള്‍ ഉണ്ടായെന്നും പൊലീസ് ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി എടുത്തതെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
കഴിഞ്ഞ മേയ് 19നാണു കേസിനാസ്പദമായ സംഭവം. പീഡനം തടയാന്‍ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്. എന്നാല്‍ പീഡനശ്രമം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ നിലവിലെ നിലപാട്. നേരത്തെ, പെണ്‍കുട്ടിയുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയും പെണ്‍കുട്ടിയ്ക്ക് എതിരെ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണ് അക്രമത്തിനു വഴിവെച്ചതെന്നു കാണിച്ചായിരുന്നു പരാതി.
കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ പൊലീസ് കസ്റ്റഡയിലെടുത്തിരുന്നു. അയ്യപ്പദാസ് ആവശ്യപ്പെട്ട് അനുസരിച്ചാണു സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നു പെണ്‍കുട്ടി പിന്നീടു മൊഴി നല്‍കി. ഇതിന് പിന്നാലെയാണ് നിയമവിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത് പെണ്‍കുട്ടിയെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണോ എന്നത് തീരുമാനിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നുണ്ട്.
