തിരുവനന്തപുരം: അഗസ്ത്യാർകൂടം യാത്ര അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം സ്വദേശികളായ നാല് യുവതികൾ. അഗസ്ത്യമല കയറാനുള്ള സ്ത്രീകളുടെ പോരാട്ട വിജയത്തിന്‍റെ സന്തോഷത്തിലാണ് ഇവര്‍.

അഞ്ച് വർഷമായി ഷേർളി ട്രക്കിംഗ് നടത്തുന്നു. കേരളത്തിലെ ഒട്ടുമിക്ക മലകളും കീഴടക്കി. പക്ഷെ അഗസത്യമല എന്ന സ്വപ്നം മാത്രം ബാക്കിയായിരുന്നു. സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം അഗസ്ത്യമലയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികളാണ് വേണ്ടതെന്ന നിലപാടാണ് ഇവർക്ക്. പ്രത്യേക പരിഗണന ഉണ്ടാവില്ലെന്ന തീരുമാനത്തിൽ ആശങ്കയില്ല. അഗസ്ത്യമലയിൽ സ്ത്രീകൾ കയറിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന ഭയവും ഇവര്‍ക്കില്ല.

ജനുവരി 14 മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. വനംവകുപ്പിന്‍റെ രജിസ്ട്രേഷൻ ഇന്നലെ മുതൽ തുടങ്ങി.

 

ശബരിമല യുവതീ പ്രവേശനം വലിയ ചർച്ചയായിരിക്കെയാണ് അഗസ്ത്യാർ കൂടത്തിന്‍റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. സ്ത്രീകളുടെ ആവശ്യത്തെ തുടർന്ന് അഗസ്ത്യാർകൂടത്തിന്‍റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസത്യാർകൂടമലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്.

എന്നാൽ മലയുടെ ഏറ്റവും മുകളിൽവരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ വിജ്ഞാപനം. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്‍റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു.ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. സ്ത്രീ കളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാർ വി‍ജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് അഗസ്ത്യാർക്കൂട യാത്ര.