ഒരു യുവതിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌ത ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ വൈറലായി. സ്വീഡനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 18, 20, 24 വയസ് പ്രായമുള്ളവ യുവാക്കളാണ് യുവതിയെ ആക്രമിച്ചത്. ഫേസ്ബുക്ക് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവാക്കളെ പൊലീസ് അറസ്റ്റുചെയ്‌തു. മുപ്പത് വയസുകാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. പീഡനദൃശ്യങ്ങള്‍, ആറുപതിനായിരം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് തല്‍സമയം കാണിച്ചത്. സ്റ്റോക്ക്ഹോമിന് വടക്ക് 70 കിലോമീറ്റര്‍ അകലെ ഉപ്പ്സ്ല എന്ന സ്ഥലത്ത് ഒരു ഫ്ലാറ്റില്‍നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അന്വേഷണം സംഘം വാര്‍ത്താസമ്മേളനം നടത്തി ഫേസ്ബുക്ക് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്, ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് പ്രതികള്‍ ഓരോരുത്തരായി പീഡിപ്പിച്ചത്. തോക്കു ചൂണ്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പീഡനരംഗങ്ങള്‍ പ്രതികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഫേസ്ബുക്ക് ലൈവ് ചെയ്യുകയുമായിരുന്നു. ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പിന്‍വലിച്ചെങ്കിലും, ഇന്റര്‍നെറ്റ് വഴി ഇപ്പോഴും പ്രചരിക്കുന്നുണ്ട്.