വെടിയുതിര്‍ത്തത് സഹതടവുകാരെന്ന് നിഗമനം ബിജെപി എംഎല്‍എ വധിച്ച കേസിലെ പ്രതിയാണ് മരിച്ചത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജയിലില്‍ ഗുണ്ടാത്തലവന്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ബി.ജെ.പി എംഎല്‍എയെ വധിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കൊലപാതകം നടന്നിരിക്കുന്നത്. രാവിലെ ആറു മണിയോടെയാണ് ബജ്രംഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. സഹതടവുകാരാണ് ബജ്‌രംഗിക്കുനേരെ നിറയൊഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

വെടിയേറ്റ് വീണയുടന്‍ ഇയാള്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് ഝാന്‍സിയില്‍ നിന്ന് ബാഗ്പതിലെ ജയിലിലേക്ക് ഇയാളെ കൊണ്ടു വന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് ബജ്‌രംഗിയുടെ ഭാര്യ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നേരത്തെ പരാതിപ്പെട്ടിരുന്നു. ജയിലിനുള്ളില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിച്ചുവെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.