പാലക്കാട് വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി മൂന്നു പേര്‍ പാലക്കാട് പൊലീസിന്റെം പിടിയിലായി. പിടിയിലായത് മലബാര്‍ മേഖലയിലെ പ്രധാന കഞ്ചാവ് വിതരണക്കാര്‍.

തമിഴ്‍നാട്ടില്‍ നിന്നു കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടാനായത്. തൃശൂര്‍ ചാവക്കാട് സ്വദേശി അഷ്റഫ്, പാലക്കാട് കോങ്ങാട് സ്വദേശി ജോയ്, കുഴല്‍മന്ദം സ്വദേശി ഷിജു എന്നിവരെയാണ് ഹേമാംബികനഗര്‍ പൊലീസ് പിടികൂടിയത്. പ്രതികളില്‍ നിന്നു എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

പരിശോധനയില്‍ നിന്നു രക്ഷപ്പെടുന്നതിനായി ഇടവഴികളിലൂടെയാണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. കഞ്ചാവ് ചെറുപാക്കറ്റുകളിലാക്കുന്നതിനായുള്ള പ്ലാസ്റ്റിക് കവറുകളും ഇലക്ട്രിക് ത്രാസും ഇവരില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നു കഞ്ചാവെത്തിച്ച് മലബാര്‍ മേഖലയിലാണ് ഇവര്‍ വിതരണം ചെയ്‍തിരുന്നത്. ഒന്നാം പ്രതി അഷ്റഫ് കഞ്ചാവ് കടത്ത് കേസില്‍ മുമ്പും ശിക്ഷിക്കപ്പെട്ടുള്ളയാളാണ്. ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കഞ്ചാവ് വിതരണം തുടങ്ങിയത്. ആഢംബര കാറുകളാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്നു കഞ്ചാവ് വാങ്ങിയിരുന്നവരെക്കുറിച്ചും ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.