കൊട്ടാരക്കര: കഞ്ചാവ് മാഫിയയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിന് മര്‍ദനം. മര്‍ദനമേറ്റ കൊട്ടാരക്കര സ്വദേശി ഷാനുദീന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് പടിഞ്ഞാറ്റിന്‍കരയിലെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയി ഷാനുദീനെ ഒരു സംഘമാള്‍ക്കാര്‍ മര്‍ദിച്ചത്. കഞ്ചാവ് വില്‍പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ചായിരുന്നു മര്‍ദനം. 

പരിചയക്കാരായ രണ്ട് പേരാണ് വീട്ടിലെത്തി പുറത്തക്ക് വിളിച്ചതെന്ന് ഷാനുദീന്‍ പറയുന്നു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി മിനര്‍വ ജംഗ്ഷന് സമീപത്ത് വച്ച് മര്‍ദിച്ചു. അവിടെ നിന്ന് ചെന്തറയിലേക്ക് കൊണ്ടുപോയി. പത്തോളം ആള്‍ക്കാര്‍ അവിടെയുണ്ടായിരുന്നെന്നും എല്ലാവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചെന്നും ഷാനുപറഞ്ഞു. 

ചെന്തറയില്‍ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയയിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെന്തറയിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും കഞ്ചാവ് വില്‍പന നടത്തിയിരുന്നവരെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. അക്രമികള്‍ ഷാനുദീന്റെ ഫോണ്‍ നശിപ്പിക്കുകയും കയ്യിലുണ്ടായിരുന്ന പണം അപഹരിച്ചതായും പരാതിയുണ്ട്.