ഇടുക്കി: ഇടുക്കിയിലെ ഇടമലക്കുടിയിൽ നിന്ന് എക്സൈസ് സംഘം 90 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റു ചെയ്തു.

കേരള-തമിഴ്നാട് അതിർത്തിയിലുള്ള തമിഴ്നാട് വനമേഖലയിൽ കഞ്ചാവ് കൃഷി നടക്കുന്നതായി മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് വിവരം ലഭിച്ചിരുന്നു. ഇവിടെ വിളയുന്ന കഞ്ചാവ് ഇടമലക്കുടിയിലെ മുളകുതറക്കുടിക്ക് സമീപം ശങ്കരൻ കുട്ടിയാർ പുഴക്കടുത്ത് സംഭരിച്ച ശേഷം പൊള്ളാച്ചിയിലെ നെയ്ക്കാരൻ പെട്ടിയിലേക്ക് കൊണ്ടു പോകുന്നതായും വിവരം ലഭിച്ചു.

 എറണാകുളം എക്സൈസ് ഇൻറിലജൻസ് വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിൽ സംഭവം ശരിയാണെന്ന് കണ്ടെത്തി.തുടർന്ന് ഇടുക്കി എറണാകുളം ജില്ലകളിൽ നിന്നുള്ള 25 - ഓളം പേരടങ്ങുന്ന സംഘം മൂന്നു ദിവസം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് ഉദുമൽ പേട്ട കരിമുട്ടി സ്വദേശി ചീനി മുത്തു, നടരാജ് എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റു ചെയ്തത്.