കമ്പം: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 43 കിലോ കഞ്ചാവ് കമ്പത്ത് പിടികൂടി. രണ്ട് മലയാളികളുൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ അത്തിമണ്ണിൽ ഹമീദ്, തണ്ണിപ്പാറ അബുസാലി റഷീദ്, കമ്പം സ്വദേശികളായ ദുരൈപാണ്ടി, ഓട്ടോഡ്രൈവർ പ്രഭു എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനക്കിടെയാണ് ദുരൈപാണ്ടിയും പ്രഭുവും 21 കിലോ കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹമീദിനെയും അബുസാലിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് 22 കിലോ കഞ്ചാവ് കണ്ടെടുത്തു. കമ്പം ഡി.വൈ.എസ്.പി.അണ്ണാമലൈ, കമ്പം നോർത്ത് എസ്.ഐ. ഉലഹനാഥൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
