അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട 5 ഏക്കർ കഞ്ചാവ് കൃഷി നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. ഉൾവനത്തിൽ കൃഷി ചെയ്തിരുന്ന അഞ്ചേക്കറിലെ കഞ്ചാവ് തോട്ടം പൊലീസ് നശിപ്പിച്ചു. നശിപ്പിച്ച കഞ്ചാവിന് വിപണിയിൽ മൂന്നരക്കോടി രൂപ വിലവരും.
അഗളിക്ക് സമീപം ഭൂതയാർ കുളളാട് വനമേഖലയിലാണ് 5 ഏക്കർ കഞ്ചാവ് തോട്ടം. വിളവെടുപ്പിന് പാകമായ 5000ലധികം ചെടികളാണ് പൊലീസ് നശിപ്പിച്ചത്. ആദ്യ വിളവെടുപ്പിന് ഒരുങ്ങുന്നതിനിടെ അഗളി
എ എസ് പി സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാവോയിസ്റ്റ് സ്വാധീന മേഖലയായതിനാൽ തണ്ടർബോൾട്ടിന്റെ സഹായത്തോടെയായിരുന്നു തെരച്ചിലെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത് നശിപ്പിച്ച കഞ്ചാവിന് വിപണിയിൽ മൂന്നരക്കോടി രൂപ വിലമതിക്കും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും വലിയ കഞ്ചാവ് തോട്ടം നശിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം അട്ടപ്പാടി പാടവയലിന് സമീപം രണ്ടേക്കർ കഞ്ചാവ് തോട്ടം എക്സൈസ് അധികൃതർ നശിപ്പിച്ചിരുന്നു. തോട്ടം നടത്തുന്നവരെപ്പറ്റി യാതൊരു തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഉൾ വനത്തിൽ ഇനിയും വൻതോതിൽ കഞ്ചാവ് കൃഷിയുണ്ടെന്നാണ് പൊലീസ് നിഗമനം.
