ഇടുക്കി: കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഓടിക്ക ഡിവിഷനില്‍ നിന്നും കാട്ടുപ്പോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ വനംവകുപ്പിന്റെ അന്വേഷണം വഴിമുട്ടുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കാട്ടുപോത്തിനെ കമ്പനിയുടെ സമീപത്തെ കാട്ടില്‍ വെടിവെച്ചുകൊന്നശേഷം എല്ലും തലയും വേട്ടക്കാര്‍ ഉപേക്ഷിച്ചുപോയിരുന്നു. 

പുലര്‍ച്ചെ തേയിലക്കാട്ടില്‍ ജോലിക്കുപോയ തൊഴിലാളികള്‍ സംഭവം ദേവികുളം റേഞ്ച് ഓഫീസറെ അറിയിച്ചു. തുടര്‍ന്ന് വനപാലകരുടെ നേത്യത്വത്തില്‍ എസ്റ്റേറ്റ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. കഴിഞ്ഞ ദിവസം വേട്ടക്കാരില്‍ ഒരാളെ വനപാലകര്‍ പിടികൂടിയെങ്കിലും രാത്രിയോടെ വിട്ടുയച്ചു.
 
ദേവികുളം പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരുടെ നേതൃത്വത്തില്‍ മൂന്നുവര്‍ഷം മുമ്പ് ഓഡിക്കയില്‍ കാട്ടുപോത്തിനെ കൊലപ്പെടുത്തി ഇറച്ചികടത്തിയിരുന്നു. സംഭവം വിവാദമായതോടെ വനപാലകര്‍ പ്രതികളില്‍ ചിലരെ പിടികൂടിയെങ്കിലും ഭരണസ്വാധീനമുള്ളവര്‍ രക്ഷപ്പെട്ടു. വര്‍ഷങ്ങളായി പോലീസുകാരുടെ നേത്യത്വത്തില്‍ നടന്നിരുന്ന വേട്ടയില്‍ പല ഉന്നതര്‍ക്കും പങ്കുള്ളതായി അന്നത്തെ റേഞ്ച് ഓഫീസര്‍ കണ്ടെത്തിയതോടെ സംഭവം ഒതുക്കുകയായിരുന്നെന്നാണ് ആരോപണം.