ബംഗളുരു: ആയുധം കൈവശംവച്ച കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവിനെ ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണസംഘം ചോദ്യം ചെയ്തു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് സമാനമായ തോക്കും തിരകളും ഗുണ്ടാ നേതാവ് താഹിര്‍ ഹുസൈനില്‍ നിന്ന് പിടികൂടിയതായാണ് സൂചന. അതേസമയം ഗൗരി കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കൊലയാളികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ബെംഗളൂരുവിലെ ഹോട്ടലില്‍ വച്ച് ഞായറാഴ്ച താഹിര്‍ ഹുസൈനെ പിടികൂടിയത്. ഇയാളുടെ ഒരു സഹായിയെയും പിടികൂടിയിരുന്നു. അനൂപ് ഗൗഡയെന്ന് വിളിപ്പേരുളള താഹിര്‍ ഹുസൈന്‍ ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടാണ് ബെംഗളൂരുവിലെത്തിയത്. 7.65 എംഎം നാടന്‍ പിസ്റ്റളുകളും തിരകളുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
കര്‍ണാടകത്തിലെ വിജയപുര കേന്ദ്രീകരിച്ച് നാടന്‍ തോക്കുകള്‍ വില്‍ക്കുന്ന സംഘങ്ങളിലുളളവരെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. താഹിര്‍ ഹുസൈനും ഇത്തരം സംഘത്തില്‍പ്പെട്ടയാളാണ്. നിരവധി വധശ്രമക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഗൗരി ലങ്കേഷ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചോ എന്ന് വ്യക്തമല്ല.
അതേസമയം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ കടുത്ത അമര്‍ഷമാണ് ഗൗരി ലങ്കേഷിന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുളളത്. പത്ത് ദിവസത്തിനുളളില്‍ പ്രതികളഅ പിടിയിലാവുമെന്നാണ് തനിക്ക് കിട്ടിയ ഉറപ്പെന്ന് സഹോദരി കവിത ലങ്കേഷ് പറഞ്ഞു. അത് നടപ്പായില്ലെങ്കില്‍ സിബിഐ അന്വേഷണം പരസ്യമായി ആവശ്യപ്പെടാനാണ് തീരുമാനം.
