ലക്നൗ: കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു. 17 ദിവസമായി ഒളിവിലായിരുന്ന ഗായത്രി പ്രജാപതിയെ ലക്നൗവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രജാപതിയുടെ അപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും യുവതിയുടെ മകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് കേസ്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. അമേഠിയില്‍ നിന്നും പ്രജാപതി ഇത്തവണവും ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.