കുവൈറ്റ് സിറ്റി: ഗള്‍ഫ് രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ജിസിസി വാര്‍ഷിക ഉച്ചകോടി അഞ്ച്, ആറ് തീയതികളില്‍ കുവൈറ്റില്‍ നടക്കും. ചില ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്.
ജിസിസി അംഗരാജ്യങ്ങളായ സൗദി, ബഹ്‌റിന്‍, യുഎഇ രാജ്യങ്ങള്‍ ഒരു വശത്തും ഖത്തര്‍ മറുവശത്തുമായുള്ള പ്രതിസന്ധി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പരിഹരിക്കാനായിട്ടില്ല. അതിനിടയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന് ഏറെ പ്രധാന്യമാണുള്ളത്. ഇരുചേരികളിലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കാനാവുമെന്നും, അതിനായി കുവൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥശ്രമങ്ങള്‍ സജീവമായി വരുന്നതിനിടെയിലാണ് ഉച്ചകോടിയെന്നിരിക്കെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ. ഭീകരപ്രവര്‍ത്തനങ്ങളെ ഖത്തര്‍ അനുകൂലിക്കുന്നുവെന്ന വാദം നിരത്തിയാണ് സൗദി, യുഎഇ, ബഹ്‌റിന്‍ കൂടാതെ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ജൂണില്‍ ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന നിലപാടാണ് ഖത്തറിനുള്ളത്. തങ്ങളുടെ വിദേശനയ കാഴ്ചപ്പാടുകള്‍ നിര്‍ബന്ധപൂര്‍വം പിന്തുടരാത്തതാണ് ഈ രാജ്യങ്ങള്‍ എതിരാകാൻ കാരണമെന്ന് ഖത്തര്‍ ആരോപിക്കുന്നു. ഇറാന്‍, ഇറാക്ക് എന്നീ അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് ഖത്തര്‍ വാദം. കഴിഞ്ഞ ദിവസം ജിസിസി വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാനുള്ള കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ ക്ഷണപത്രം ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കു നല്‍കിയിരുന്നു. കുവൈറ്റ് അമീറിന്റെ ക്ഷണപത്രം ഖത്തറിലെ കുവൈറ്റ് അംബാസഡര്‍ ഹഫീത് അല്‍ അജമിയാണ് ഖത്തര്‍ അമീറിനു കൈമാറിയത്.
