ജിസിസി അംഗരാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജ്യത്ത് 400 ഓളം മരുന്നുകള്‍ക്ക് ഞായറാഴ്ച മുതല്‍ വില കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ മരുന്നുകളുടെ വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രക്തസമ്മര്‍ദ്ദം, പ്രമേഹം, വിവിധ തരം അലര്‍ജ്ജികള്‍ക്കുള്ള മരുന്നുകള്‍, വണ്ണം കുറയ്‌ക്കുന്നതിനുള്ള മരുന്നുകള്‍, കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയ്‌ക്കാവും പ്രധാനമായും വില കുറയുക. പത്തു ശതമാനം മുതല്‍ 60 ശതമാനംവരെ വില കുറയും. മരുന്നുകളുടെ വില ഏറ്റവും കുറവുള്ളത് സൗദിയിലാണ്. ഈ വിലയ്‌ക്ക് ആനുപാതികമായി മറ്റു ജിസിസി രാജ്യങ്ങളിലെയും മരുന്നുവില ഏകീകരിക്കുകയാണ്. വില ഏകീകരണം നടപ്പാകുന്നതോടെ മരുന്നു കമ്പനികള്‍ക്ക് വിവിധ രാജ്യങ്ങളില്‍ പല വില ഈടാക്കാനാവില്ല. അതോടൊപ്പം നിലവില്‍ കൂടുതല്‍ വില ഈടാക്കുന്നത് കമ്പനികള്‍ കുറയ്‌ക്കേണ്ടിവരും.