കോഴിക്കോട് ജില്ലയിൽ ഒരു മലേറിയ കേസ് കൂടി സ്ഥിരീകരിച്ചു. ഈസ്റ്റ് ഹിൽ വാർഡിൽ അതിഥി തൊഴിലാളിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച അതിഥി തൊഴിലാളി നാട്ടിലേക്ക് മടങ്ങി.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. ഈസ്റ്റ് ഹിൽ വാർഡിലാണ് രോഗബാധ. അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർ പ്രദേശ് സ്വദേശിയായ ഇയാൾ നാട്ടിലേക്ക് മടങ്ങി.
നേരത്തെ, വളയത്തുള്ള അതിഥി തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14ൽ ഉള്ള ഉത്തർ പ്രദേശ് സ്വദേശിക്കായിരുന്നു രോഗം. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള 63കാരനും തിക്കോടിയിൽ നിന്നുള്ള അതിഥി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതിനിടെ, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഗുരുവായൂർ സ്വദേശിയായ 67കാരനാണ് മരിച്ചത്. ഈ മാസം 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സംഭവിച്ചു.


