കുവൈത്ത് സിറ്റി: എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തുടരുമെന്ന് കുവൈത്ത് അമീര്‍. 
ജിസിസി സുപ്രീം കൗണ്‍സിൽ കുവൈത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നിയമാവലി ഭേദഗതി ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ ആവശ്യപ്പെട്ടു.

നിരവധി വെല്ലുവിളികള്‍ ഉടലെടുത്തിരിക്കുന്ന ഗള്‍ഫ് മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജി.സി.സിയുടെ ശ്രമങ്ങള്‍ തുടരും. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ രൂപീകരണത്തിനുശേഷം മേഖലയില്‍ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കൗണ്‍സിലിനു സാധിച്ചിട്ടുണ്ട്. ഇനിയും നിരവധി ലക്ഷ്യങ്ങള്‍ നേടാനും നിരവധി നാഴികക്കല്ലുകള്‍ കടന്നുപോകാനുണ്ടെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. 

അംഗരാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും സുരക്ഷിതത്വവും ശക്തമാക്കാന്‍ ശ്രമം തുടരുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുള്‍ ലത്തീഫ് അല്‍ സയാനിയും പറഞ്ഞു. ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി ,സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ പ്രതിനിധീകരിച്ച് സൗദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈര്‍, ബഹ്‌റിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഷേഖ് മൊഹമ്മദ് ബിന്‍ മുബാരക് അല്‍ ഖാലിഫ,ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്്മൗദ് അല്‍ സയദാണ് ഉന്നത തല സംഘവുമായി എത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം ഡിസംബര്‍ ഒമാനിലാണ് അടുത്ത ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്.