ദോഹ: ഖത്തർ ഇറാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത് ജിസിസി രാജ്യങ്ങൾക്കിടയിലെ അഭിപ്രായഭിന്നതകൾ വീണ്ടും രൂക്ഷമാക്കിയേക്കുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ഖത്തറിലെ ഇറാൻ സ്ഥാനപതി ടെഹ്‌റാനിൽ ചുമതലയേറ്റത്. സൗദിയും ഇറാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് 2016 ലാണ് ജിസിസി രാജ്യങ്ങൾ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.
2016 ൽ ഇറാനിലെ ഷിയാ നേതാവ് ഷെയ്ഖ് നിംറിനെ സൗദി തൂക്കിലേറ്റിയതോടെയാണ് ഇറാനും സൗദിയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്. ഇതേതുടർന്ന് ഇറാനിലെ സൗദി എംബസി പ്രതിഷേധക്കാർ ആക്രമിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സൗദിയും ഖത്തർ ഉൾപ്പെടെ ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് അംഗരാജ്യങ്ങളും ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം ഇറാനുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന സൗദി നിലപാടിന് വിരുദ്ധമായി മേഖലയിലെ വൻശക്തിയായ ഇറാനുമായി നയതന്ത്ര ബന്ധം ഒഴികെയുള്ള സാധാരണ ബന്ധം തുടരുന്നതിൽ തെറ്റില്ലെന്ന സമീപനമായിരുന്നു രണ്ടുമാസം മുന്‍പ് വരെ ഖത്തർ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ജൂൺ അഞ്ചിന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കാൻ ഇറാനുമായുള്ള ബന്ധവും ഒരു പ്രധാന കാരണമാണ്.
എന്നാൽ ഉപരോധം മൂന്നു മാസമാകുമ്പോള്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം ഔദ്യോഗികമായി പുന:സ്ഥാപിച്ചു കൊണ്ട് സൗദി സഖ്യരാജ്യങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകാനാണ് ഖത്തർ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി നയതന്ത്ര ഉദ്യോഗസ്ഥനായ അലി ഹമദ് അൽ സുലൈത്തി ഇറാനിലെ പുതിയ ഖത്തർ സ്ഥാനപതിയായി വെള്ളിയാഴ്ച ചുമതലയേറ്റു.
ഖത്തറിന്‍റെ ഈ നടപടിയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച യു.എ.ഇ ഉൾപ്പെടെയുള്ള സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരായ ഉപരോധം കൂടുതൽ കടുപ്പിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിനിടെ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് മധ്യസ്ഥ ശ്രമങ്ങൾക്കായി ഗൾഫ് പര്യടനം ആരംഭിച്ചിട്ടുണ്ട്.
