കുവൈത്ത് സിറ്റി: തൊഴിലവസരങ്ങള്‍ ദേശീയവത്കരിക്കണമെന്ന നിര്‍ദേശത്തെ ജിസിസി പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ യോഗം സ്വാഗതം ചെയ്തു. ജിസിസി അംഗരാജ്യങ്ങളില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് അംഗരാജ്യങ്ങളില്‍നിന്നുള്ളവരെ നിയമിക്കണമെന്നും കൂവൈത്തില്‍ കൂടിയ യോഗം നിര്‍ദേശിച്ചു.

ഇന്നലെ കുവൈറ്റില്‍ നടന്ന ജിസിസി പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ പതിനൊന്നാമത് യോഗത്തിലാണ് സുപ്രധാമായ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അംഗരാജ്യങ്ങളില്‍ ഒഴിവുവരുന്ന തസ്തികകളില്‍ അതത് രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാരെ നിയമിച്ചശേഷം ബാക്കിവരുന്ന ഒഴിവുകളില്‍ അംഗരാജ്യങ്ങളില്‍നിന്നുള്ളവരെ നിയമിക്കണമെന്നാണ് സ്പീക്കര്‍മാരുടെ ഷൂറ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്ത യോഗത്തിലെ നിര്‍ദേശം. ജിസിസി സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ മറ്റു ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവരെ നിയമിക്കണമെന്ന് കുവൈറ്റ് പാര്‍ലമെന്റിനോട് യോഗം ആവശ്യപ്പെട്ടു. യോഗത്തിന്റെ ഉദ്ദഘാടന പ്രസംഗത്തില്‍ കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബാ നടത്തിയ പ്രസംഗത്തിന്റെ പ്രധാന്യവും യോഗം വിലയിരുത്തി. മേഖലയില്‍ വര്‍ധിച്ചുവരുന്ന അസ്വസ്ഥതകള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ വികസനം ലക്ഷ്യമിട്ട് എല്ലാ ജിസിസി രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരണത്തോടെ മുന്നേറണമെന്ന അമീറിന്റെ ആഹ്വാനം യോഗം സ്വാഗതം ചെയ്തു.ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച നടത്തി.