2018 മുതല്‍ ജി സി സി രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുവാനാണ് ആലോചിക്കുന്നതെന്ന് സൗദി ധനമന്ത്രി ഡോ ഇബ്രാഹിം അല്‍ അല്‍ അസ്സാഫ് വ്യക്തമാക്കി. റിയാദില്‍ നടന്ന ജി സി സി രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശീതള പാനിയങ്ങള്‍ക്ക് അന്‍പത് ശതമാനവും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്ക്‌സുകള്‍ക്കും നൂറ് ശതമാനവുമാണ് നികുതി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത ഇനങ്ങളിലെ നികുതി എന്ന പേരിലുള്ള പുതിയ നികുതി എല്ലാ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും വിവിധ നിരക്കിലായിരിക്കും ബാധകമാക്കുക. മൂല്യവര്‍ധിത നികുതിയെ സംബന്ധിച്ച പഠനം പുരോഗമിക്കുകയാണെന്നും അന്തിമ ധാരണ ഒരു മാസത്തിനകം ഉണ്ടാകുമെന്ന് സൗദി ധനകാര്യമന്ത്രി അറിയിച്ചു. പുതിയ നീക്കം ഗള്‍ഫ് രാജ്യങ്ങളുടെ കമ്മി ബജറ്റിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.