ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള ഏകീകൃത കസ്റ്റംസ് ഘടന നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഗള്‍ഫിലെ ആറു തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ചരക്കു നീക്കത്തിനുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമായി ഒരു ചെക് പോസ്റ്റ് എന്ന ആശയം നടപ്പിലാക്കാനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരവും വാണിജ്യ ഇടപാടുകളും സുഗമമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗള്‍ഫ് ചേംബറിനെ ഉദ്ധരിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദോഹ പോര്‍ട്ട്, സൗദി അറേബിയയിലെ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട്, ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ട്, കുവൈത്തിലെ ശുവൈഖ് തുറമുഖം, യുഎഇ യിലെ ഖലീഫാ തുറമുഖം, ഒമാനിലെ സഹാറ പോര്‍ട്ട് എന്നിവിടങ്ങളെ ബന്ധപ്പെടുത്തിയാണ് തുടക്കത്തില്‍ ഏകീകൃത കസ്റ്റംസ് നയം പ്രാബല്യത്തില്‍ വരുത്തുന്നത്. ഇതിന്റെ ഭാഗമായി ആറു ഗള്‍ഫ് രാജ്യങ്ങളിലും പ്രത്യേക നിയമം കൊണ്ടുവരും. ഈ രാജ്യങ്ങളിലെ ബിസിനസ് സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം ഉയര്‍ത്തുന്നതിനും പുതിയ നയം സഹായിക്കും.
അതിര്‍ത്തികളിലും പോര്‍ട്ടുകളിലും ട്രക്കുകളുടെ പരിശോധനയെത്തുടര്‍ന്നുണ്ടാകുന്ന ദീര്‍ഘ നടപടികളും തടസ്സങ്ങളും ഇതോടെ ഇല്ലാതാകും. വാണിജ്യ സംരംഭങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള മറ്റു നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഏകീകൃത കസ്റ്റംസ് നയത്തിനു രൂപം നല്‍കിയിരിക്കുന്നത്.
